| Saturday, 23rd March 2019, 12:14 pm

കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജാമ്യം തേടി പത്തനംതിട്ട കോടതിയില്‍; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാര്‍ത്ഥിയില്ലാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട്ടെ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണം സ്ഥാനാര്‍ത്ഥിയില്ലാതെ. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെപി പ്രകാശ് ബാബു ശബരിമല അക്രമ കേസില്‍ പത്തനംതിട്ട കോടതിയില്‍ കീഴടങ്ങുന്ന പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണം നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് മുമ്പായി കേസില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുക. തിങ്കളാഴ്ച കോടതിയിലെത്തി കീഴടങ്ങി ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം.

ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷമുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് അഡ്വ. കെ പി പ്രകാശ് ബാബു പ്രതിയായിട്ടുള്ളത്. അതേസമയം കേസില്‍ കീഴടങ്ങേണ്ട സാഹചര്യം വോട്ടര്‍മാരോട് വിശദീകരിക്കുമെന്ന് പ്രകാശ് ബാബു പറഞ്ഞു.


“ഇനി ബി.ജെ.പിയുമായി ഒരു ബന്ധവുമില്ല”; ശശി തരൂരിന് നന്ദി പറയാന്‍ ശ്രീശാന്തെത്തി; വിജയാശംസ നേര്‍ന്ന് മടക്കം


ചിത്തിര ആട്ട വിശേഷ നാളില്‍ ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു.

തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന സ്ത്രീയെയായിരുന്നു പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറക്കിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസും പൊതുമുതല്‍ നശിപ്പിച്ച കേസും പ്രകാശ് ബാബുവിനെതിരെ നിലനില്‍ക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more