| Friday, 28th September 2018, 11:14 am

കോടതി കയറിയ ശബരിമല; നാള്‍വഴികള്‍

എ പി ഭവിത

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ പന്ത്രണ്ട് വര്‍ഷം നീണ്ട വ്യവഹാരത്തിന് ശേഷമാണ് പ്രവേശനമാകാമെന്ന വിധി സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നായിരുന്നു ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിന്റണ്‍, നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. ഈ കോസ് കോടതി പരിഗണിക്കുമ്പോഴും വിവാദങ്ങളും വിമര്‍ശനങ്ങളും പ്രതിഷേധവും കൈയ്യടിയുമുണ്ടായി.

ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്‍ 2006 ജൂലൈ 28നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്. അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്ത് ആയിരുന്നു ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എതിര്‍പ്പ് അറിയിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കരുതെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി. നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കേസില്‍ കക്ഷി ചേര്‍ന്നു.

ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം അംഗീകരിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ജനുവരി 11 നാണ് പിന്നീട് സുപ്രീം കോടതി വീണ്ടും പരിഗണിച്ചത്. കേസില്‍ രണ്ട് അമിക്കസ് ക്യുറിമാര്‍ ഉണ്ടായിരുന്നു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായ രാമമൂര്‍ത്തിയും രാജു രാമചന്ദ്രനുമായിരുന്നു അമിക്കസ് ക്യുറിമാര്‍. 2017 ഒക്ടോബര്‍ 13ന് കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

മാറി മറഞ്ഞ സര്‍ക്കാര്‍ നിലപാട്

വിവാദമായ കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാറും യു.ഡി.എഫ് സര്‍ക്കാറും രണ്ട് നിലപാടാണ് സ്വീകരിച്ചത്. 2007 നവംബര്‍ 13 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാടെന്ന് വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ നിന്നും വിരുദ്ധമായ നിലപാടായിരുന്നു 2016 ഫെബ്രുവരി 5ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെത്. സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാരങ്ങളേയും വിശ്വാസങ്ങളേയും മാനിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ട് നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാറുള്ളതെന്ന് അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു. ഇത് വിവാദമായി. 2016 നവംബര്‍ 7ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ നിലപാടിലെ മാറ്റം അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ നിലപാട് തന്നെയാണ് പിണറായി സര്‍ക്കാറിനുമെന്നായിരുന്നു അത്. കോടതി വിധിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടു.

പന്ത്രണ്ട് വര്‍ഷത്തിനിടെ കേസ് പരിഗണിച്ച ജഡ്ജിമാരിലും മാറ്റമുണ്ടായി. 2006 ഓഗസ്ത് 18ന് ചീഫ് ജസ്റ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റ്റിസ്റ്റുമാരായ എസ്. എച്ച് കപാഡിയ, സി.കെ ഠക്കര്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. എസ്. ബി സിന്‍ഹയും എച്ച്. എസ് ബേദിയുമായിരുന്നു പിന്നീട്. എച്ച്. എസ് ബേദിക്ക് പകരം വി.എസ് സിര്‍പൂര്‍ക്കര്‍ എത്തി.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് ദീപക് മിശ്ര, പി.സി ഘോഷ്, എന്‍.വി രമണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചായിരുന്നു. പി.സി ഘോഷും എന്‍.വി രമണയും പിന്‍മാറിയപ്പോള്‍ ജസ്റ്റിസ്റ്റുമാരായ ഗോപാല്‍ ഗൗഡയും ജസ്റ്റിസ്റ്റ് കുര്യന്‍ ജോസഫും വന്നു. ഈ ജഡ്ജിമാരും പിന്നീട് പിന്‍മാറി. സി. നാഗപ്പന്‍, ആര്‍.ഭാനുമതി എന്നിവരാണ് പകരമെത്തിയത്. സി.നാഗപ്പന്‍ പോയപ്പോള്‍ ആശോക് ഭൂഷണ്‍ വന്നു.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more