ശബരിമല: ഭക്തിയോട് കൂടി മാലയിട്ട് കെട്ടുനിറച്ച് വന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ ആരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെന്ന് ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മാധ്യമങ്ങളോട്. രക്തം വീഴ്ത്തി അശുദ്ധരാക്കാന്‍ ആഹ്വാനം ചെയതവര്‍ മാത്രമാണോ നിങ്ങള്‍ക്ക് ഭക്തരെന്നും അവര്‍ ചോദിച്ചു.
നിങ്ങള്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ചീപ്പ് പബ്ലിസിറ്റിക്കും മാധ്യമ ശ്രദ്ധ കിട്ടാനും വേണ്ടിയല്ലേ ഇവിടെ വന്നതെന്ന ജനം ടി.വിയിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു യുവതികളുടെ പ്രതികരണം. ജനം ടിവി പോലുള്ള ചാനലുകളെ ഇവിടത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും യുവതികള്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ന്യൂസ് വാല്യു കിട്ടാന്‍ വേണ്ടിയും റേറ്റിംങ് കിട്ടാന്‍ വേണ്ടിയും നിങ്ങള്‍ ശരിയായ വിഷയങ്ങളെ മറച്ചു പിടിച്ചു ഇവിടെയുള്ള നാമജപക്കാരുടെ പിന്നാലെ പോവുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നും മാധ്യമങ്ങളോട് യുവതികള്‍ പറഞ്ഞു. ശരിയായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ ആക്ടിവിസ്റ്റെന്നും മാവോയിസ്റ്റെന്നും മുദ്രകുത്തി ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുന്നത് ശരിയല്ലെന്നും ബിന്ദു വ്യക്തമാക്കി.
Read Also : സന്നിധാനത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു; പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്ന് പൊലീസ്
ബിന്ദുവിനെയും കൂടെയെത്തിയ കനഗദുര്‍ഗയേയും അപ്പാച്ചിമേടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോഴായിരുന്നു യുവതികളുടെ പ്രതികരണം.
നിലയ്ക്കല്‍ എത്തിയാല്‍ സംരക്ഷണം ഒരുക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പ്രതീക്ഷിച്ചാണ് തങ്ങള്‍ ഇവിടെയെത്തിയത്. യാതൊരുകാരണവശാലും തിരികെപോകില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്- ബിന്ദു പറഞ്ഞു.
“ഇവിടെ 144 പ്രഖ്യാപിച്ച സ്ഥലമാണ്. സമാധാനപരമായി നിയമപരമായിട്ടാണ് ദര്‍ശനത്തിന് പോകുന്നത്. രാജ്യത്തെ നിയമം നടപ്പാക്കണം, തുല്യത വേണം. സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കണം. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന് മുഖ്യമന്ത്രി വാക്കു തന്നതാണ്. അത് പാലിക്കണം. നിലയ്ക്കല്‍ പോലീസ് സുരക്ഷിതമായി ഞങ്ങളെ പമ്പ വരെ എത്തിച്ചു. എന്ത് പ്രതിഷേധമുണ്ടായാലും കയറും. അതില്‍ ഒരു മാറ്റവുമില്ലെന്നും ഇരുവരും വ്യക്തമാക്കി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് മലചവിട്ടുന്നത്.