രാജ്യം സ്‌ഫോടനാത്മകമായ സാഹചര്യത്തില്‍; വിശാലബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കൂ; ശബരിമലയില്‍ സുപ്രീം കോടതി
India
രാജ്യം സ്‌ഫോടനാത്മകമായ സാഹചര്യത്തില്‍; വിശാലബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കൂ; ശബരിമലയില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 12:26 pm

ന്യൂദല്‍ഹി: ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹരജികളില്‍ ഇന്ന് ഉത്തരവ് പ്രഖ്യാപിക്കാതെ സുപ്രീം കോടതി.

വിശാല ബെഞ്ച് പരിഗണിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ഹരജിക്കാരോട് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം സ്‌ഫോടനാത്മകമായ ഒരു സമയത്ത് നില്‍ക്കുന്ന അവസരത്തില്‍ ഒരു പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തീരുമാനമെടുക്കാതെ ചീഫ് ജസ്റ്റിസ് ഹരജികള്‍ മാറ്റിവെച്ചത്.

തീരുമാനം വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ ആ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും ബോബ്‌ഡെ പറഞ്ഞു. സ്റ്റേ പറഞ്ഞിട്ടില്ലെന്ന് ഇന്ദിരാ ജയ്‌സിങ് ചൂണ്ടിക്കാട്ടിയെങ്കിലും എല്ലാം ശരിയാണെന്നും എന്നാല്‍ വിശാല ബെഞ്ചിന് വിട്ട സ്ഥിതിക്ക് ഉത്തരവ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറയുകയുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് സംരക്ഷണത്തില്‍ പോകാന്‍ കഴിയില്ല. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കും. ഇതിന് ശേഷം മാത്രമെ റിവ്യൂ പെറ്റീഷനുകളും പരിഗണിക്കുകയുള്ളൂവെന്നും വളരെ പെട്ടെന്ന് തന്നെ വിശാലബെഞ്ച് രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അത്തരത്തില്‍ ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തിന് അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.