ശബരിമലയില്‍ ബെയ്‌ലി പാലത്തിന് അനുമതി; നിര്‍മ്മാണ ചിലവിനെ ചൊല്ലി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം
Kerala
ശബരിമലയില്‍ ബെയ്‌ലി പാലത്തിന് അനുമതി; നിര്‍മ്മാണ ചിലവിനെ ചൊല്ലി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th November 2021, 2:57 pm

കൊച്ചി: ശബരിമലയില്‍ ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചു. ഞുണുങ്ങാറിലെ താല്‍കാലിക പാലം ഒലിച്ചുപോയതിനെ തുടര്‍ന്നാണ് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

പാലം നിര്‍മ്മിക്കുന്നതിന് പാങ്ങോട്ടെ കരസേനാ യൂണിറ്റിന് അപേക്ഷ നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ പാലത്തിന്റെ ചിലവ് ആരേറ്റെടുക്കും എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

നിര്‍മ്മാണ ചിലവ് ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പാലത്തിന്റെ മേല്‍നോട്ട ചുമതല ജലവിഭവ വകുപ്പിനായതുകൊണ്ട് നിര്‍മ്മാണ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ തിങ്കാളാഴ്ച്ച തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മണ്ഡലകാലത്തിന് മുമ്പ് ഞുണുങ്ങാറില്‍ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ മാലിന്യനീക്കം തടസപ്പെടുമെന്ന സാഹചര്യത്തിലാണ് ഹൈക്കോടതി അടിയന്തര സിറ്റിങ് നടത്തി വിഷയം പരിഗണിച്ചത്.

2018 ലെ പ്രളയത്തിലാണ് ഞുണുങ്ങാര്‍ പാലം തകര്‍ന്നത്. പകരം ജലവിഭവ വകുപ്പ് താല്‍കാലിക റോഡ് മിര്‍മ്മിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം