കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിയായ 52കാരിക്ക് നേരെ “അടിച്ചുകൊല്ലെടാ അവളെ” എന്ന് ആക്രോശിച്ചത് കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ് എന്ന കുട്ടനാണ് ഭക്തക്കെതിരെ കൊലവിളി നടത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ഉള്‍പ്പെട്ടയാളാണ് രതീഷ് എന്നാണ് പൊലീസ് പറയുന്നത്. മതം മാറിയതിന്റെ പേരിലാണ് കൊടിഞ്ഞി ഫൈസല്‍ കൊല്ലപ്പെടുന്നത്. ആര്‍.എസ്.എസുകാരാണ് ഫൈസലിനെ കൊലപ്പെടുത്തിയത്.
ഈ കേസിലെ മുഖ്യപ്രതി ആലത്തിയൂര്‍ സ്വദേശി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത കേസിലാണ് രതീഷ് പ്രതി ചെര്‍ക്കപ്പെട്ടതും അറസ്റ്റിലായതും. പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ രതീഷിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. ശബരിമലയില്‍ അക്രമം നടത്തിയ പ്രതികളുടെ ആദ്യ ലിസ്റ്റില്‍തന്നെ രതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് സംഘപരിവാറിന്റെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. “അടിച്ചു കൊല്ലെടാ അവളെ”യെന്ന് ആക്രോശിച്ചെത്തിയ അക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്. അതിനിടെ അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തി പതിനെട്ടാം പടിക്ക് മുകളില്‍ കയറിനിന്ന് അക്രമി സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അഭിസാരികയെന്ന് വിളിച്ചായിരുന്നു തന്നെ അക്രമിച്ചതെന്ന് ലളിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുന്നു. ഇതിന് പിന്നാലെയാണ് സന്നിധാനത്തെ അക്രമം. വലിയ നടപ്പന്തലിലെത്തിയപ്പോള്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. ശരണം വിളിയുമായാണ് അക്രമികള്‍ എത്തിയത്. ഇവര്‍ പ്രത്യേക രീതിയില്‍ കൈക്കൊട്ടി ശരണം വിളിച്ചതോടെ ആയിരത്തോളം ആളുകള്‍ ഓടിക്കൂടി.
അത്രയും ആളുകള്‍ പെട്ടെന്ന് എവിടെ നിന്ന് എത്തിയെന്ന് അറിയില്ല. ആധാര്‍ ചോദിച്ചപ്പോള്‍ മകന്‍ കാണിച്ചു. 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു. ആദ്യം അവര്‍ തന്റെ തലയ്ക്കടിച്ചു. പിന്നീട് “അഭിസാരിക” എന്നും കേട്ടലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്.
പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല. ചോറുകൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് പറഞ്ഞ മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞാണ് ആക്രമിച്ചത്.
വിനീഷിനെ അടിച്ച് കാല്‍ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകനെ മര്‍ദ്ദിച്ച് മുണ്ടും ഷര്‍ട്ടും വലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തനേയും അവര്‍ ആക്രമിച്ചു. വഴിപാടുകള്‍ക്ക് ശേഷമാണ് മകന് കുഞ്ഞുണ്ടായത്. ചോറൂണ് ശബരിമലയില്‍ നേര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പോയത്”- ലളിത പറഞ്ഞിരുന്നു.