പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതിയും കുട്ടികളും പമ്പയില്‍. ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറന്നിരുന്നു.
ചേര്‍ത്തല സ്വദേശിനി അഞ്ജു ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് പൊലീസിനെ സമീപിച്ചത്. ഇപ്പോള്‍ അഞ്ജുവിന്റെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുകയാണ്. ഉന്നത ഉദ്ദ്യോഗസ്ഥരുമായിചര്‍ച്ച ചെയ്ത ശേഷമാവും മറ്റു തീരുമാനങ്ങള്‍.
നട തുറക്കുന്ന ദിവസമായ ഇന്ന് 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും , കമാന്‍ഡോകളെ വിന്യസിക്കുകയും ചെയ്തിരുന്നു. അഞ്ച് മണിക്കാണ് നട തുറന്നത്. ജാമറുകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിപ്പിക്കും എന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. മാധ്യമങ്ങളടക്കം എല്ലാവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.