ന്യൂദല്‍ഹി: ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത് മനുഷ്യത്വവിരുദ്ധമായിട്ടാണെന്നും കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പൊലീസ് പെരുമാറുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ പോലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തില്ല. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ അമിത് ഷാ ശബരിമല സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ സമയം കണ്ടെത്തിയാണ് അമിത് ഷാ ശബരിമലയിലെത്തുക. ഈ മണ്ഡല കാലത്തിനുള്ളില്‍ തന്നെ അമിത് ഷാ ശബരിമലയിലെത്തുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സന്നിധാനത്തേക്ക് തിരിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി ശശികല എന്നിവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇനി കേന്ദ്രമന്ത്രിമാരെയും എം.പി മാരെയും സന്നിധാനത്തെത്തിച്ച് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കാനും നേരിടാനുമാണ് സംഘപരിവാര്‍ നീക്കം.