പത്തനംതിട്ട: ശബരിമല കോടതിവിധിയ്‌ക്കെതിരായുള്ള ആര്‍.എസ്.എസ് നിലപാടില്‍ പ്രതിഷേധിച്ച് പന്തളത്ത് 14 കുടുംബങ്ങള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രാദേശിക നേത്വത്തിലുള്ളവരും പ്രവര്‍ത്തകരുമാണ് ഇപ്പോള്‍ സി.പി.ഐ.എമ്മിലെത്തിയിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഗീയതയിലും വിശ്വാസത്തിന്റെ മറവിലുമുള്ള കുപ്രചാരണങ്ങളിലും പ്രതിഷേധിച്ചാണ് ആര്‍.എസ്.എസ് വിടുന്നത്.
പന്തളം കടയ്ക്കാടിന് സമീപം മാടപ്പള്ളില്‍ വീട്ടില്‍ ശിവരാമന്‍, ഇതേ വീട്ടുപേരുള്ള കുടുംബങ്ങളിലെ ശരത്, ലീല, ചെല്ലമ്മ, സജു, ശ്യാം, നീതു, അശ്വനി ഭവനില്‍ മധു, നെടുവക്കാട് കിഴക്കേതില്‍ രാജേന്ദ്രന്‍പിള്ള, രാജേന്ദ്രന്‍, തുണ്ടില്‍ വടക്കേതില്‍ രാജേന്ദ്രന്‍പിള്ള, രാജേന്ദ്രന്‍, തുണ്ടില്‍ വടക്കേതില്‍ അച്യുതന്‍, വത്സല എന്നിവരാണ് സി.പി.ഐ.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ശബരിമല വിഷയത്തില്‍ പന്തളം കേന്ദ്രീകരിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെയും രാജകുടുംബത്തിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് നിലപാടിനെ തള്ളിക്കൊണ്ട് കുടുംബങ്ങള്‍ സി.പി.ഐ.എമ്മിലെത്തിയിരിക്കുന്നത്.