കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ശബരീഷ് വര്‍മ. ചിത്രത്തിലെ പല രംഗങ്ങളിലും തനിക്ക് മമ്മൂട്ടിയുടെ സഹായം ഉണ്ടായിരുന്നു എന്ന് ശബരീഷ് പറഞ്ഞു. ചിത്രത്തിന് പുറത്തുള്ള കാര്യങ്ങളും മമ്മൂട്ടി സംസാരിക്കാറുണ്ടെന്നും വടക്കന്‍ വീരഗാഥയെ പറ്റിയുള്ള തന്റെ ഒരു സംശയത്തിന് അദ്ദേഹം മറപടി നല്‍കിയെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശബരീഷ് പറഞ്ഞു.
‘ചില രംഗങ്ങളില്‍ സംശയമുണ്ടെങ്കില്‍ മമ്മൂക്ക അത് പറഞ്ഞുതരും. പൊലീസ് സ്റ്റേഷനില്‍ ഞാനും മമ്മൂക്കയുമായുള്ള സീനൊക്കെയുണ്ട്. പിന്നെ ഇന്റര്‍വെല്‍ സീക്വന്‍സില്‍ ഒരു ലെങ്തി ഡയലോഗ് ഞാന്‍ പറയുന്നുണ്ട്. അതിലൊക്കെ മമ്മൂക്കയുടെ ഹെല്‍പ് ഉണ്ടായിരുന്നു. എന്നെ മാത്രമല്ല, കൂടെയുള്ള എല്ലാവരേയും മമ്മൂക്ക ഹെല്‍പ് ചെയ്യുന്നുണ്ടായിരുന്നു.
പിന്നെ ഈ പടത്തിന് പുറത്തുള്ള കാര്യങ്ങളും ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞുതരും, അഭിനയിച്ചുകാണിച്ചുതരും. വടക്കന്‍ വീരഗാഥയിലെ ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചവന്‍ ചന്തു എന്ന ഡയലോഗ് ഇപ്പോഴായിരുന്നെങ്കില്‍ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, മറ്റൊരു രീതിയില്‍ അഡാപ്റ്റ് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു.
ആക്ടിങ് ഇമ്പ്രൊവൈസ് ചെയ്ത്‌കൊണ്ടുപോകുന്ന ആളാണ് മമ്മൂക്ക. മമ്മൂക്ക മാത്രമല്ല, ഇപ്പോള്‍ സര്‍വൈവ് ചെയ്ത് വന്നിരിക്കുന്ന എല്ലാ ആര്‍ടിസ്റ്റുകളും അങ്ങനെ വന്നവരാണ്. അല്ലെങ്കില്‍ അവര്‍ സര്‍വൈവ് ചെയ്യില്ല,’ ശബരീഷ് പറഞ്ഞു.
അതേസമയം 70 കോടിയാണ് ഇതുവരെ കണ്ണൂര്‍ സ്‌ക്വാഡ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ശബരീഷ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിക്കും ശബരീഷിനും പുറമേ അസീസ്, റോണി ഡേവിഡ് വിജയരാഘവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
Content Highlight: Sabareesh Varma talks about mammootty and oru vadakkan veeragadha