കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിനിടക്ക് ഉണ്ടായ രസകരമായ സംഭവത്തെ പറ്റി പറയുകയാണ് നടന്‍ ശബരീഷ് വര്‍മ. എല്ലാ നടന്മാരും അവനവനെ തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടനായി കാണുന്നതെന്ന് ശബരീഷ് പറഞ്ഞു. ഇഷ്ടനടനാരാണെന്ന് അസീസ് നെടുമങ്ങാടിനോട് മമ്മൂട്ടി ചോദിച്ചതിനെ പറ്റിയും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശബരീഷ് പറഞ്ഞു.
‘നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍ അവനവന്‍ തന്നെയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് അസീസിക്കയോട് ചോദിച്ചിരുന്നു. പുള്ളി മമ്മൂക്ക എന്ന് പറഞ്ഞു. പോടാ ഇവിടുന്ന്, നീ നിന്നെ തന്നെയാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ അസീസിക്ക അവിടെ കിടന്ന് ഉരുണ്ടു. ഞാന്‍ അതാണ് പറയാന്‍ ഉദ്ദേശിച്ചത് എന്നൊക്കെ പറഞ്ഞു. കറക്ടായ കാര്യമാണ്. നമ്മള്‍ നമ്മളെ തന്നെയാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. അത് കഴിഞ്ഞേ ബാക്കിയാരുമുള്ളൂ.
ഷൂട്ട് കഴിഞ്ഞ് എഡിറ്റ് കണ്ടപ്പോള്‍ ആരേം ഒന്നും പറയാന്‍ പറ്റുന്നില്ല, എല്ലാവരും അടിപൊളിയാണെന്നാണ് മമ്മൂക്ക പറഞ്ഞത്. ഓരോ എഡിറ്റും കണ്ടിട്ട് മമ്മൂക്ക വളരെയധികം ഇംപ്രസ്ഡായി. പുള്ളി പ്രൊഡ്യൂസറും കൂടിയാണല്ലോ,’ അസീസ് പറഞ്ഞു.
ചിത്രത്തിലെ പല രംഗങ്ങളിലും തനിക്ക് മമ്മൂട്ടിയുടെ സഹായം ഉണ്ടായിരുന്നുവെന്നും ചിത്രത്തിന് പുറത്തുള്ള കാര്യങ്ങളും മമ്മൂട്ടി സംസാരിക്കാറുണ്ടെന്നും ശബരീഷ് പറഞ്ഞു.
‘ചില രംഗങ്ങളില്‍ സംശയമുണ്ടെങ്കില്‍ മമ്മൂക്ക അത് പറഞ്ഞുതരും. പൊലീസ് സ്റ്റേഷനില്‍ ഞാനും മമ്മൂക്കയുമായുള്ള സീനൊക്കെയുണ്ട്. പിന്നെ ഇന്റര്‍വെല്‍ സീക്വന്‍സില്‍ ഒരു ലെങ്തി ഡയലോഗ് ഞാന്‍ പറയുന്നുണ്ട്. അതിലൊക്കെ മമ്മൂക്കയുടെ ഹെല്‍പ് ഉണ്ടായിരുന്നു. എന്നെ മാത്രമല്ല, കൂടെയുള്ള എല്ലാവരേയും മമ്മൂക്ക ഹെല്‍പ് ചെയ്യുന്നുണ്ടായിരുന്നു.
പിന്നെ ഈ പടത്തിന് പുറത്തുള്ള കാര്യങ്ങളും ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞുതരും, അഭിനയിച്ചുകാണിച്ചുതരും. വടക്കന്‍ വീരഗാഥയിലെ ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചവന്‍ ചന്തു എന്ന ഡയലോഗ് ഇപ്പോഴായിരുന്നെങ്കില്‍ എങ്ങനെ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല, മറ്റൊരു രീതിയില്‍ അഡാപ്റ്റ് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു,’ ശബരീഷ് പറഞ്ഞു.
Content Highlight: Sabareesh varma about mammootty and azees nedumangadu