|

അവന്‍ കോഹ്‌ലിക്ക് പകരക്കാരനാകും: സബാ കരീം

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി-ട്വന്റി മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മൊഹാലിയിലെ പി.സി.ബി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7:30നാണ് മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ വിരാട് കോഹ്‌ലി വ്യക്തിഗത കാരണത്താല്‍ മാറി നില്‍ക്കുന്നത് ഓപ്പണിങ് കൂട്ടുകെട്ടിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കോഹ്‌ലി പുറത്തായതോടെ യശ്വസി ജയ്‌സ്വാള്‍ ഹിറ്റ്മാനൊപ്പം ഓപ്പണിങ് ചെയ്യും എന്നാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിക്കുന്നത്. ജയ്‌സ്വാള്‍ ഓപ്പണിങ് സ്ഥാനമേല്‍ക്കുമ്പോള്‍ ശുഭ്മന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് നിരവധി ക്രിക്കറ്റ് വിദഗ്ധര്‍ കരുതുന്നത്.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സബാ കരീം ഗില്ലിനെ മൂന്നാം സ്ഥാനത്ത് അയക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ മൂന്നാം നമ്പറില്‍ കളിക്കാന്‍ യോഗ്യനായ താരമാണ് ഗില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

‘മൂന്നാം സ്ഥാനത്ത് കളിക്കുമ്പോള്‍ പവര്‍ പ്ലേയിലും ചിലപ്പോള്‍ അതിനുശേഷം നന്നായി ബാറ്റ് ചെയ്യേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ട്. ലക്ഷ്യത്തില്‍ എത്തുന്നതിന് സ്‌കോര്‍ ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ മൂന്നാം നമ്പറില്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

‘ആധുനിക ക്രിക്കറ്റില്‍ വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനുള്ള താരങ്ങളുടെ കഴിവിനെ വളര്‍ത്തിയെടുക്കുകയാണ് രാഹുല്‍ ദ്രാവിഡിന്റെ ലക്ഷ്യം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ അവസരങ്ങള്‍ പരിമിതമാണെങ്കിലും മൂന്നാം സ്ഥാനത്ത് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’സബാ കരീം അവസാനിപ്പിച്ചു.

Content Highlight: Sabah Karim says Subman Gill will replace Kohli