രോഹിത്തിന്റെ ആ തീരുമാനമാണ് ശ്രീലങ്കക്ക് കളിയിലേക്ക് തിരിച്ചുവരാൻ സഹായകമായത്: വിമർശനവുമായി മുൻ ഇന്ത്യൻ താരം
Cricket
രോഹിത്തിന്റെ ആ തീരുമാനമാണ് ശ്രീലങ്കക്ക് കളിയിലേക്ക് തിരിച്ചുവരാൻ സഹായകമായത്: വിമർശനവുമായി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2024, 3:36 pm

ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് പുറത്താവുകയായിരുന്നു.

14 പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് പുറത്താവുകയായിരുന്നു. ഇതോടെ വിജയം ഉറപ്പിച്ച ഇന്ത്യയുടെ കയ്യില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു ശ്രീലങ്ക.

ഇപ്പോഴിതാ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടപ്പിലാക്കിയ ഒരു തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുൻ ഇന്ത്യന്‍ താരം സബ കരീം. മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന് ഓവര്‍ നല്‍കിയതിനെതിരെയാണ് സബ കരിം പറഞ്ഞത്.

‘ശ്രീലങ്കക്കെതിരെ ടി-20യില്‍ ഇന്ത്യ പരീക്ഷിച്ചത് പോലെയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവ് റിയാന്‍ പരാഗിനും റിങ്കു സിങ്ങിനും ബൗള്‍ ചെയ്യാന്‍ നല്‍കി. അതുപോലെയാണ് ഈ കളിയിലും പരീക്ഷിച്ചത്. ഗില്‍ ആദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയുന്നത്. അതുകൊണ്ടുതന്നെ അവന്റെ ഓവറില്‍ വലിയ റണ്‍സാണ് ശ്രീലങ്ക നേടിയത്. ഇതാണ് മത്സരത്തില്‍ പിന്നീട് ശ്രീലങ്കക്ക് മുന്നോട്ട് പോവാന്‍ സഹായകമായത്,’ സബ കരീം സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലൂടെ പറഞ്ഞു.

മത്സരത്തില്‍ ഗില്ലിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് ഓവര്‍ നല്‍കാമായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരം ചൂണ്ടിക്കാട്ടി.

‘മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു അധിക സ്പിന്‍ ഓപ്ഷന്‍ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ദുബെക്ക് കുറച്ചുകൂടി ഓവര്‍ നല്‍കാമായിരുന്നു. ദുബെക്ക് പകരം ഗില്ലിനാണ് ഓവര്‍ കൊടുത്തത്. ഈ തീരുമാനം ശരിയായില്ലെന്ന് എനിക്ക് തോന്നുന്നു,’ മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

മത്സരം 31 ഓവറില്‍ 114 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗില്‍ ഓവര്‍ എറിയാന്‍ എത്തിയത്. ആ ഓവറില്‍ 14 റണ്‍സാണ് എതിരാളികള്‍ നേടിയത്. ലങ്കന്‍ താരം ജനിത് ലിയാനഗെ രണ്ട് ഫോറുകളും ഒരു സിക്‌സുമാണ് ആ ഓവറില്‍ അടിച്ചെടുത്തത്.

ശ്രീലങ്കക്കായി ദുനിത് 65 പന്തില്‍ പുറത്താവാതെ 67 റണ്‍സാണ് നേടിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 75 പന്തില്‍ 56 റണ്‍സ് നേടി പാത്തും നിസങ്കയും നിര്‍ണായകമായി. ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ 47 പന്തില്‍ 58റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. 57 പന്തില്‍ 33 റണ്‍സ് നേടി അക്സര്‍ പട്ടേലും 43 പന്തില്‍ 31 റണ്‍സ് നേടി കെ.എല്‍ രാഹുലും നിര്‍ണായകമായി.

ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചരിത് അസലങ്ക, വാനിന്ദു ഹസരംഗ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ദുനിത് രണ്ട് വിക്കറ്റും അസിത ഫെര്‍ണാണ്ടൊ, അഖില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Saba Karim talks about the big mistake made by the Indian team in the ODI against Sri Lanka