| Thursday, 28th July 2022, 9:51 pm

വിരാടിന്റെ ഭാവിയെ കുറിച്ച് ദ്രാവിഡും രോഹിത്തും ഉടനെ തീരുമാനത്തിലെത്തണം; പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും മികച്ച ബാറ്ററാണ് വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി താരം തന്റെ മോശം ഫോമിലൂടെയാണ് താരം കടന്നുപോകുന്നത്. മൂന്ന് വര്‍ഷമായി ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

വിരാടിന്റെ ഈ മോശം ഫോമില്‍ അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒരുപാട് ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ ആവശ്യമുള്ള സപ്പോര്‍ട്ട് നല്‍കുമെന്നാണ് നായകന്‍ രോഹിത് അറിയിച്ചത്.

ഫോം വീണ്ടെടുക്കാനായി നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു. അദ്ദേഹത്തിനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന വാദവുമായി ഒരുപാട് മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് നിഷ്പക്ഷ വാദമാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീമിനുളളത്.

വിരാടിനെ സിംബാബ്‌വേ പരമ്പരയില്‍ ഉള്‍പ്പെടുത്തണോ അതോ ഏഷ്യ കപ്പില്‍ അദ്ദേഹത്തെ കളിപ്പിച്ചാല്‍ മതിയോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സാബ കരീം. അതിനെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം കാണുന്നത്.

‘ആദ്യം, ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമിന് വിരാട് കോഹ്‌ലി അത്യാവശ്യമാണോ അല്ലയോ എന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനിക്കണം. ടീമിന്റെ വിജയത്തിന് വിരാട് അത്യന്താപേക്ഷിതമാണെന്ന് അവര്‍ക്ക് തോന്നിയാല്‍, വിരാട് കോഹ്ിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവിന് ഞാന്‍ ഒരു വഴി പറയാം.

വിരാടിന്റെ മേല്‍ ഒരു തരത്തിലുള്ള അടിച്ചേല്‍പ്പിക്കല്‍ നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വിരാടിനോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ‘നിങ്ങള്‍ തിരികെ വന്ന് സിംബാബ്വെ പരമ്പര കളിക്കണം, അല്ലാത്തപക്ഷം ഞങ്ങള്‍ നിങ്ങളെ ലോകകപ്പ് ടി-20യിലേക്ക് തെരഞ്ഞെടുക്കില്ല,’ സാബ കൂട്ടിച്ചേര്‍ത്തു.

കോഹ്ലി തങ്ങളുടെ പദ്ധതികളുടെ അവിഭാജ്യ ഘടകമാണെന്ന് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും തീരുമാനിച്ചുകഴിഞ്ഞാല്‍, സിംബാബ്‌വെയ്ക്കെതിരെയോ ഏഷ്യാ കപ്പിലോ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന തീരുമാനം അവര്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിരാടിന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലും അദ്ദേഹം ടീമില്‍ തിരിച്ചെത്തണമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ടീമിലെ മറ്റാരെക്കാളും ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം.

Content Highlights: Saba karim speaks about Virat Kohlis Future

We use cookies to give you the best possible experience. Learn more