ആ 40 റണ്‍സ് ഓര്‍ത്തുവെച്ചോ, സഞ്ജുവിന് ലോകകപ്പ് കളിക്കാന്‍ സാധിക്കും!; മുന്‍ സെലക്ടര്‍
കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഒരു റിസര്‍വ് താരമടക്കം 18 പേരടങ്ങിയ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെയാണ് ടീമില്‍ 18-ാമനായി ഉള്‍പ്പെടുത്തിയത്.
ഏകദിനത്തില്‍ മികച്ച റെക്കോഡുണ്ടായിട്ടും താരത്തെ റിസര്‍വ് മാത്രമായി ഉള്‍പ്പെടുത്തിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ബി.സി.സി.ഐ നേരിട്ടിരുന്നു. താരത്തിന് പരിഗണിക്കാത്തതില്‍ ഒരുപാട് ആരാധകരോഷവുമുണ്ടായിരുന്നു.
ഏഷ്യാ കപ്പില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമായിരിക്കും ലോകകപ്പിനുള്ള ടീമിലുണ്ടാകുക. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിലും സഞ്ജു കളിക്കാനുള്ള സാധ്യത് കുറവാണ്. അല്ലെങ്കില്‍ ടീമിലെ ഒരാള്‍ക്ക് കളിക്കാന്‍ സാധിക്കാതെ വരണം. രണ്ട് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ കെ.എല്‍. രാഹുല്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാകാതെയാണ് ടീമിലെത്തിയിരിക്കുന്നത് എന്നുള്ളത് സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നതാണ്.
സഞ്ജുവിന്റെ ലോകകപ്പിലുള്ള ടീമിലേക്കുള്ള വാതില്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ ടീം സെലക്ടറായ സാബ കരീം. കെ.എല്‍. രാഹുലിന് ബാക്കപ്പായിട്ടാണ് സഞ്ജു ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് പറക്കുന്നത്. ഇപ്പോഴും പൂര്‍ണമായി മോചിതനല്ലാത്ത കെ.എല്‍. രാഹുലിന് ലോകകപ്പ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന് ഇനിയും സാധ്യതയുണ്ടെന്നാണ് സാബ വിശ്വസിക്കുന്നത്.
ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഞ്ജു സാംസണ്‍ ഇപ്പോഴും പരിഗണനയില്‍ നില്‍ക്കുന്ന താരം തന്നെയാണ്. കെ.എല്‍. രാഹുല്‍ പൂര്‍ണമായി ഫിറ്റല്ലെങ്കില്‍ സെലക്ടര്‍മാര്‍ ആരിലേക്കാവും നോക്കുക? അതു സഞ്ജു തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. പകരക്കാരനായി അദ്ദേഹം ടീമിലേക്ക് വരികയും ചെയ്യും.
അതുകൊണ്ടു തന്നെയാണ് അയര്‍ലന്‍ഡുമായുള്ള രണ്ടാം ടി-20യില്‍ സഞ്ജു നേടിയ 40 റണ്‍സിന്റെ മൂല്യം വര്‍ധിക്കുന്നത്. അദ്ദേഹം നേടിയത് വിലപ്പെട്ട റണ്‍സ് തന്നെയായിരുന്നു. നാലാം നമ്പറില്‍ സഞ്ജുവിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വലിയ പോസിറ്റീവ് തന്നെയാണ്,’ സാബ കരീം വിശദമാക്കി.
ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിക്കുന്നതിനിടെയായിരുന്നു രാഹുലിന് പരിക്കേറ്റത്. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. തുടര്‍ന്ന് ബാക്കിയുള്ള ഐ.പി.എല്‍ മത്സരങ്ങള്‍ നഷ്ടമാകുകയും പിന്നീട് സര്‍ജറിയിലൂടെയും രാഹുല്‍ കടന്നുപോകുകയുമായിരുന്നു.
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.
റിസര്‍വ്: സഞ്ജു സാംസണ്‍
Content Highlight: Saba Karim Says Sanju Samson still can get Into Worldcup team