ഒന്നും ചെയ്യാന്‍ സാധിക്കില്ല, അവരേക്കാള്‍ നല്ലവര്‍ വന്നാല്‍ വഴി മാറികൊടുക്കണം; സാബ കരീം
Sports News
ഒന്നും ചെയ്യാന്‍ സാധിക്കില്ല, അവരേക്കാള്‍ നല്ലവര്‍ വന്നാല്‍ വഴി മാറികൊടുക്കണം; സാബ കരീം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 7:50 pm

 

കഴിഞ്ഞ കുറച്ചുനാള്‍ മുമ്പ് വരെ ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമായ താരങ്ങളായിരുന്നു ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാനും, ഭുവനേശ്വര്‍ കുമാറും. എന്നാല്‍ നിലവില്‍ എത്രയൊക്കെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്താലും ടീമിന്റെ ഒരു ഫോര്‍മാറ്റിലും ഇരുവരെയും പരിഗണിക്കാറില്ല.

ധവാനെ ഏഷ്യാ കപ്പില്‍ പരിഗണിക്കാത്തതിന്റെ പേരില്‍ ഒരുപാട് ചര്‍ച്ചകള്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ താരം ടീമിന്റെ ഭാഗമാകുകയും മികച്ച പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പ് ഏകദിനത്തില്‍ നിന്നും മാത്രമായി താരം 534 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഏകദിനത്തില്‍ 167 മത്സരത്തില്‍ നിന്നും 6,793 റണ്‍സുമായി മികച്ച കരിയറുണ്ടാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യ അവസനാമായി 2018ല്‍ ഏഷ്യാ കപ്പ് നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ധവനായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ധവാന് എളുപ്പമാകില്ല എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെല്ക്ടറുമായിരുന്ന സാബ കരീം പറയുന്നത്.

ധവാനെ കുറിച്ചും അദ്ദേഹത്തിന്റെ പുറത്താക്കലിനെ കുറിച്ചും സംസാരിക്കുകയായിരുന്നു സാബ. എന്താണ് നടക്കുന്നതെന്ന് മനസിലാക്കിക്കൊണ്ട് വഴിമാറുക എന്ന് മാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളെന്ന് അദ്ദേഹം പറയുന്നു. യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തുടങ്ങിയാല്‍ സീനിയര്‍ താരങ്ങള്‍ക്ക് തിരിച്ചുവരവ് കഠിനമായിരിക്കുമെന്നും സാബ പറയുന്നു.

‘ യാത്രയുടെ വസാനം കഠിനമായിരിക്കും, എന്നാല്‍ ഗെയിം മുന്നോട്ട് തന്നെ നീങ്ങും. ധവാനെ കുറിച്ച് മാത്രമല്ല, നിങ്ങള്‍ ഭുവനേശ്വര്‍ കുമാറിനെയും നോക്കു, ഒരുകാലത്ത് ടീമിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് അയാളുടെ പേര് പോലും ആരും പരാമര്‍ശിക്കുന്നില്ല. ഒരു യുവതാരം ടീമിലെത്തുകയും മികച്ച പ്രകടനം കാഴ്‌ചെവെക്കുകയും ചെയ്തുകഴിഞ്ഞാല്‍ പഴയ മാച്ച് വിന്നേഴ്‌സിന് തിരിച്ചുവരവ് നടത്തുക എന്നത് എളുപ്പമാവില്ല. ഇതൊരു യാഥാര്‍ത്ഥ്യമാണ്, പക്ഷെ എനിക്ക് തോന്നുന്നു എല്ലാ ക്രിക്കറ്റ് കളിക്കാര്‍ക്കും ഇതിലൂടെ കടന്നുപോകേണ്ടിവരുമെന്നാണ്,’ സാബ പറഞ്ഞു.

2022ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളത്തില്‍ ഇറങ്ങിയത്. എട്ട് പന്തില്‍ മൂന്ന് റണ്‍സുമായി താരം പുറത്തായിരുന്നു. ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Saba Karim Says on Dhawans Exclusion fro Indian Team