ഇപ്പോഴുള്ള കോമ്പിനേഷന്‍ കിടിലനാണ്, അവന് ഇനി അവസരം കിട്ടുമോ എന്ന് കണ്ടറിയണം; ഇന്ത്യന്‍ ബാറ്ററെ കുറിച്ച് മുന്‍ താരം
Cricket
ഇപ്പോഴുള്ള കോമ്പിനേഷന്‍ കിടിലനാണ്, അവന് ഇനി അവസരം കിട്ടുമോ എന്ന് കണ്ടറിയണം; ഇന്ത്യന്‍ ബാറ്ററെ കുറിച്ച് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th September 2022, 4:19 pm

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ വര്‍ഷം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഇന്ത്യക്ക് ഈ ലോകകപ്പ് അഭിമാനത്തിന്റെ കൂടെ കളിയാണ്.

ഇത്തവണ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിങ് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്. എല്ലാ പൊസിഷനിലും സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്.

ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിലും പുറത്തെടുക്കാന്‍ ഇന്ത്യന്‍ നിരക്ക് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ സാധിച്ചിരുന്നു . ഇന്ത്യന്‍ നിരയില്‍ റിഷബ് പന്ത് കളിക്കാന്‍ ഇറങ്ങിയിരുന്നു. ഓസീസിനെതിരെയുള്ള പരമ്പരയില്‍ എട്ടോവറായി ചുരുക്കിയ ഒരു മത്സരത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തെ കളിപ്പിച്ചത്.

നിലവില്‍ ട്വന്റി-20 ക്രിക്കറ്റില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാത്ത താരമാണ് അദ്ദേഹമെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ളതിലെ പ്രോപര്‍ ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്റര്‍ പന്ത് മാത്രമാണ്.

ഇന്ത്യന്‍ ടീം കാര്‍ത്തിക്കിനെയാണ് പന്തിന് മുകളില്‍ പരിഗണിക്കുന്നത് എന്ന് വ്യക്തമാണ്. ഇപ്പോഴിതാ പന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കളിക്കുമോ എന്ന് കണ്ടറിയണം എന്ന് പറയുകയാണ് മുന്‍ ബി.സി.സി.ഐ സെലക്ടര്‍ സാബ കരീം.

പന്ത് മുമ്പ് ചെയ്ത ഫിനിഷിങ് റോള്‍ അതിലും മികച്ചതായി ചെയ്യാന്‍ കാര്‍ത്തിക്കിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പന്തിനെ കളിപ്പിക്കാന്‍ എപ്പോഴും ചാന്‍സുണ്ട്. പക്ഷേ ദിനേശ് കാര്‍ത്തിക്കിനൊപ്പം നില്‍ക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചതായി ഞാന്‍ വിശ്വസിക്കുന്നു, അത് മോശം തീരുമാനമല്ല.

മുമ്പ് റിഷബ് പന്ത് ചെയ്ത ഫിനിഷറുടെ റോള്‍ അദ്ദേഹം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ കഴിയുന്ന താരമാണ് കാര്‍ത്തിക്ക്. ആറാം നമ്പറില്‍ അദ്ദേഹത്തെ പോലുള്ള കൂടുതല്‍ കളിക്കാരെ ആവശ്യമാണെന്ന് ടീം വിശ്വസിക്കുന്നു.

അതിനാല്‍, ഇന്ത്യന്‍ ടീം ശരിയായ കോമ്പിനേഷന്‍ കണ്ടെത്തിയതിനാല്‍ റിഷബ് പന്തിനെ പരീക്ഷിക്കാന്‍ നോക്കുമോ എന്ന് എനിക്ക് സംശയമുണ്ട്,” സാബ കരീം കൂട്ടിച്ചേര്‍ത്തു.

ടീമില്‍ അവസാന ഓവറുകളില്‍ വന്നടിക്കുന്ന റോളാണ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീം നല്‍കിയിരിക്കുന്നത്. ഒരു പരിധി വരെ അത് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ലോകകപ്പിന് ഇന്ത്യ കാര്‍ത്തിക്കിനെ തന്നെ കളിപ്പിക്കുമോ അതോ ലെഫ്റ്റ് ഹാന്‍ഡഡ് ബാറ്ററായ പന്തിനെ കളിപ്പിക്കുമോ എന്ന് കണ്ടറിയണം.

Content Highlight: Saba Karim Says it will be tough to Rishab Pant to be Indian Cricket