| Monday, 22nd August 2022, 1:44 pm

ബുംറ ഇനി അധിക നാള്‍ ഓടില്ലെന്ന് രോഹിത്തിനും ദ്രാവിഡിനും അറിയാം; തുറന്നുപറഞ്ഞ് മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരുന്ന മാസങ്ങളില്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കില്ലെന്ന് നായകന്‍ രോഹിത് ശര്‍മക്കും രാഹുല്‍ ദ്രാവിഡിനും അറിയാമെന്ന് മുന്‍ ഇന്ത്യന്‍ കളിക്കാരനും സെലക്ടറുമായ സാബ കരീം.

അക്കാരണം കൊണ്ടാണ് ഇന്ത്യന്‍ ടീം യുവ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒരുപാട് മികച്ച പേസര്‍മാരുണ്ടെങ്കിലും ബുംറയുടെ അസാന്നിധ്യം ഇന്ത്യയെ വിഷമിപ്പിക്കുമെന്നും സാബ കൂട്ടിച്ചേര്‍ത്തു.

‘ജസ്പ്രീത് ബുംറ എല്ലാ ഫോര്‍മാറ്റിലും മികച്ച സ്വാധീനമുള്ള ബൗളറാണ്. ഭാവിയില്‍ അദ്ദേഹം ലഭ്യമായേക്കില്ല എന്ന് ഇന്ത്യന്‍ ടീമിന് അറിയാം. അതുകൊണ്ട് പുതിയ ബൗളര്‍മാരെ പരീക്ഷിച്ചുകൊണ്ട് അതിനനുസരിച്ചുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ,’ സാബ പറഞ്ഞു.

ബുംറയുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് ടീമില്‍ വ്യത്യസ്ത താരങ്ങളെ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹത്തിന് പകരക്കാരെ ഇന്ത്യന്‍ ടീം അന്വേഷിക്കുകയാണെന്നും സാബ അഭിപ്രായപ്പെട്ടു.

‘ഇതുകൊണ്ടാണ് ടീമില്‍ ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഒരാളെ ലഭിക്കാന്‍ മാനേജ്‌മെന്റ് അവര്‍ക്ക് സ്ഥിരമായ അവസരങ്ങള്‍ നല്‍കി. അവരുടെ നമ്പര്‍ വണ്‍ ബൗളറായതിനാല്‍ ബുംറയെ ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യും,’ സാബ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് പരമ്പരയിലാണ് ബുംറ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഏഷ്യാ കപ്പ് സെലക്ഷന് മുന്നോടിയായി പരിക്കേറ്റ അദ്ദേഹത്തിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആവേശ് ഖാനും അര്‍ഷ്ദീപ് സിങ്ങിനുമൊക്കെ ബുംറയുടെ അഭാവത്തില്‍ ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

മുതുകിന് പരിക്കേറ്റ അദ്ദേഹത്തിന്റെ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പരിക്ക് ഭേദമായാല്‍ മാത്രമെ അദ്ദേഹത്തിന് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ.

Content Highlight: Saba Karim says Indian team will miss Jasprit Bumrah in future

We use cookies to give you the best possible experience. Learn more