ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന നിരവധി യുവതാരങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ശുഭ്മന്‍ ഗില്‍. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് ഇന്ത്യന്‍ സ്‌കോറിങ്ങിന്റെ നെടുംതൂണാവാനും ഗില്ലിന് സധിച്ചിട്ടുണ്ട്.
2023ല്‍ ഇന്ത്യ കളിച്ച രണ്ട് പരമ്പകളിലും ഗില്ലിന്റെ സാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളടങ്ങിയ ബൈലാറ്ററല്‍ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും ഒപ്പം മാന്‍ ഓഫ് ദി സീരീസും ഗില്‍ സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഗില്ലിനെ പ്രശംസിച്ച് രംഗത്തെത്തിയിരകിക്കുകയാണ് മുന്‍ ചീഫ് സെലക്ടറായിരുന്ന സാബ കരീം. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും പാരമ്പര്യം മുമ്പോട്ട് കണ്ടുപോകാന്‍ സാധിക്കുന്ന താരം എന്നാണ് സബ കരീം ഗില്ലിനെ വിശേഷിപ്പിച്ചത്.
ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാബ കരീം ഇക്കാര്യം പറഞ്ഞത്.
‘അവന് മികച്ച പ്രകൃതമാണുള്ളത്. അവന് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും വിരാട് കോഹ്‌ലിയുടെയും പാരമ്പര്യം നിലനിര്‍ത്താനും മുമ്പോട്ട് കൊണ്ടുപോകാനും സാധിക്കും. വിദേശ സാഹചര്യങ്ങളിലാണ് അവന്‍ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത്.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ അവന്റെ ട്രാക്ക് റെക്കോഡ് അത്ര മികച്ചതായിരുന്നില്ല. ഭാവിയില്‍ അവന്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്റെ നട്ടെല്ലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ സാബ കരീം പറഞ്ഞു.
‘ഇത്രത്തോളം കാലിബറുള്ള ഒരു ബാറ്ററെ ഏറെ കാലത്തിന് ശേഷമാണ് കാണുന്നത്.ഭാവിയില്‍, ടോപ് ടീമുകള്‍ക്കെതിരെയുള്ള അവന്റെ പ്രകടനങ്ങള്‍ നമുക്ക് പരിശോധിക്കണം. വെല്ലുവളിക്കപ്പെടുന്ന സാഹചര്യങ്ങളിലും മികച്ച പേസ് ബൗളിങ് യൂണിറ്റിനെതിരെയും അവന്റെ പ്രകടനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. മികച്ച തുടക്കമാണ് അവനിപ്പോള്‍ ലഭിച്ചിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയുടെയും ന്യൂസിലാന്‍ഡിന്റെയും ഇന്ത്യന്‍ പര്യടനത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ശുഭ്മന്‍ ഗില്‍. 112, 40*, 208, 116, 21, 70 എന്നിങ്ങനെയാണ് ഗില്ലിന്റെ അവസാന ആറ് ഏകദിനത്തിലെ സ്‌കോറുകള്‍.
2022ല്‍ 12 ഏകദിനത്തില്‍ നിന്നും 70.89 ശരാശരിയല്‍ 638 റണ്‍സാണ് ഗില്‍ നേടിയത്. അതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതേസമയം, 2023ലെ ആദ്യ മാസം കഴിയുന്നതിന് മുമ്പ് തന്നെ 567 റണ്‍സ് ഗില്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.
ന്യൂസിലാന്‍ഡന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയാണ് ഇനി ഗില്ലിന് മുമ്പിലുള്ളത്. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലെക്‌സില്‍ വെച്ച് ജനുവരി 27നാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം.
Content Highlight: Saba Karim praises Shubhman Gill