മുടിയനായ പുത്രന്റെ മടങ്ങി വരവ്; വിരാടിനെ റൊണാള്‍ഡോയോടുപമിച്ച് മുന്‍ ഇന്ത്യന്‍ താരം
Sports News
മുടിയനായ പുത്രന്റെ മടങ്ങി വരവ്; വിരാടിനെ റൊണാള്‍ഡോയോടുപമിച്ച് മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th January 2024, 9:59 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം വിരാട് കോഹ്‌ലി ടി-20 സ്‌ക്വാഡിന്റെ ഭാഗമാകുന്നു എന്നതും കുട്ടി ക്രിക്കറ്റില്‍ രോ-കോ സഖ്യം വീണ്ടും ഒന്നിച്ചതുമാണ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയത്.

വ്യക്തിഗത കാരണങ്ങളാല്‍ ആദ്യ മത്സരം നഷ്ടമായ വിരാട് രണ്ടാം മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 16 പന്ത് നേരിട്ട് 29 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. അഞ്ച് ബൗണ്ടറികളടക്കം 181.25 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഈ ഇന്നിങ്‌സിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ ചെയ്‌സിങ്ങില്‍ 2,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്. നിലവില്‍ 2,008 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്. 2,074 റണ്‍സുമായി അയര്‍ലന്‍ഡ് സൂപ്പര്‍ താരം പോള്‍ സ്‌റ്റെര്‍ലിങ്ങാണ് ഒന്നാമന്‍.

ഇപ്പോള്‍ വിരാട് കോഹ്‌ലി ടി-20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഫുട്‌ബോള്‍ ഇതിഹാസം ക്രിസറ്റിയാനോ റൊണാള്‍ഡോ തിരികെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയതിനോടാണ് സാബ കരീം വിരാടിന്റെ ടി-20യിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഉപമിച്ചത്. ജിയോ സിനിമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത് പോലെയാണ്. മുടിയനായ പുത്രന്റെ മടങ്ങിവരവ്, അങ്ങനെയല്ലേ? ഇതാണ് കഴിഞ്ഞ 14 മാസക്കാലമായി വിരാട് ചെയ്തുകൊണ്ടിരുന്നത്. ഇത് വളരെ വലിയ സമയമാണ്.

എന്നാല്‍ വിരാട് കോഹ്‌ലി കളിക്കളത്തില്‍ മടങ്ങിയെത്താനും മുന്‍ കാലങ്ങളില്‍ ചെയ്തതെന്തോ അത് ആവര്‍ത്തിക്കാനും താത്പര്യപ്പെടുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ സാബ കരീം പറഞ്ഞു.

 

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജനുവരി 17ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഇതിനോടകം തന്നെ പരമ്പര തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്:

ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, ഫരീദ് അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

 

Content Highlight: Saba Karim compares Virat Kohli’s T20 returns to Cristiano Ronaldo’s return to Manchester United