'ഒരാളുടെ ജീവന്‍ വെച്ച് കളിക്കരുത്'; ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രനടപടിക്കെതിരെ ശിവസേന
India
'ഒരാളുടെ ജീവന്‍ വെച്ച് കളിക്കരുത്'; ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച കേന്ദ്രനടപടിക്കെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 10:51 am

മുംബൈ: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും എസ്.പി.ജി സുരക്ഷ എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ബി.ജെ.പിയുടെ നടപടിയെ പാര്‍ട്ടി വിമര്‍ശിച്ചത്.

മഹാരാഷ്ട്രയിലാണെങ്കിലും ദല്‍ഹിയിലാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സുരക്ഷിതരാണെന്ന് തോന്നുന്ന അന്തരീക്ഷം ഉണ്ടാവുകയെന്നത് അനിവാര്യമാണെന്ന് സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഇത്തരത്തില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്താല്‍ പോലും അത് പ്രശ്‌നമായിരുന്നില്ലെന്നും ശിവസേന പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ സുരക്ഷ ഉപേക്ഷിക്കാന്‍ തയ്യാറല്ല, ബുള്ളറ്റ് പ്രൂഫ് കാറുകളുടെ പ്രാധാന്യം കൂടിവരുന്നു. ഇതിനര്‍ത്ഥം ഗാന്ധി കുടുംബത്തിന്റെ സുരക്ഷ നീക്കം ചെയ്തതില്‍ ഉയരുന്ന ആശങ്ക ശരിയാണെന്നാണ്.

ഉപയോഗിച്ച കാറുകള്‍ അവരുടെ സുരക്ഷയ്ക്കായി അയയ്ക്കുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യം തന്നെയാണ്. ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് എന്നതിനാല്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഇടപെടണം.

ഒരാള്‍ ഒരു വ്യക്തിയുടെ ജീവിതം വെച്ച് കളിക്കരുത്. ഗാന്ധി കുടുംബമല്ല മറ്റൊരാളായിരുന്നെങ്കില്‍ പോലും ഞങ്ങള്‍ ഇതേ നിലപാട് തന്നെ സ്വീകരിക്കുമായിരുന്നു”- സാമ്‌ന എഡിറ്റോറിയലില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ