| Thursday, 28th October 2021, 2:56 pm

കാത്തിരിപ്പിന് വിട; പുഷ്പയിലെ 'സാമി സാമി'യും പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയുടെ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ‘സാമി സാമി’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുന്നത്.

സിത്താരയാണ് ഗാനത്തിന്റെ മലയാള പതിപ്പ് ആലപിച്ചിരിക്കുന്നത്. സിജു തുറവൂരിന്റെ വരികള്‍ക്ക് ദേവി ശ്രീ പ്രസാദാണ് ഈണം നല്‍കിയിരിക്കുന്നത്.

പാട്ടിന്റെ തമിഴ് വേര്‍ഷന്‍ രാജലക്ഷ്മി സെന്തിഗണേഷും കന്നഡ പതിപ്പ് അനന്യ ഭട്ടും തെലുങ്കില്‍ മൗനിക യാദവുമാണ് പാടിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അല്ലുവിന്റെ ആദ്യ ചിത്രമായ ആര്യയുടെ സംവിധായകനായ സുകുമാര്‍ തന്നെയാണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.

മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബര്‍ 17ന് പുറത്തിറങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്.

ചിത്രത്തില്‍ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Saami Saami, song from Pushpa released

We use cookies to give you the best possible experience. Learn more