അടിച്ചത് സെല്‍ഫ് ഗോള്‍ ആണെങ്കിലും ഇവന്‍മാരുടെ ഷോയ്ക്ക് ഒരു കുറവും ഇല്ല; ഇന്ത്യന്‍ ബെഞ്ചിന് മുമ്പില്‍ പ്രകോപനവുമായി കുവൈത്ത് താരങ്ങള്‍; വീഡിയോ
Sports News
അടിച്ചത് സെല്‍ഫ് ഗോള്‍ ആണെങ്കിലും ഇവന്‍മാരുടെ ഷോയ്ക്ക് ഒരു കുറവും ഇല്ല; ഇന്ത്യന്‍ ബെഞ്ചിന് മുമ്പില്‍ പ്രകോപനവുമായി കുവൈത്ത് താരങ്ങള്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th June 2023, 4:00 pm

കഴിഞ്ഞ ദിവസമായിരുന്നു സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിച്ചത്. ബെംഗളൂരുവിലെ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കുവൈത്തിനോട് 1-1ന് സമനില വഴങ്ങിയിരുന്നു.

ആഡ് ഓണ്‍ ടൈമില്‍, ഫൈനലില്‍ വിസിലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ പിഴവാണ് ഇന്ത്യക്ക് അര്‍ഹിച്ച വിജയം നഷ്ടപ്പെടുത്തിയത്. താരത്തിന്റെ സെല്‍ഫ് ഗോളിലായിരുന്നു കുവൈത്ത് സമനില പിടിച്ചത്.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ മുമ്പിലെത്തിയിരുന്നു. 45+2ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഷോട്ടിലൂടെ ഛേത്രി വലയിലാക്കുകയായിരുന്നു.

തുടര്‍ന്ന് 90+2ാം മിനിട്ടിലാണ് ഇന്ത്യ സമനില ഗോള്‍ വഴങ്ങിയത്. ഗോള്‍ മുഖത്ത് നിന്നും പന്ത് ക്ലിയര്‍ ചെയ്യാനുള്ള അന്‍വര്‍ അലിയുടെ ശ്രമം പിഴയ്ക്കുകയും സെല്‍ഫ് ഗോളില്‍ കലാശിക്കുകയുമായിരുന്നു.

മത്സരത്തില്‍ പലവുരു ഇരുടീമുകള്‍ക്കും പരസ്പരം കൊരുക്കേണ്ടി വന്നതിനാല്‍ വീണുകിട്ടിയ ഗോള്‍ ആഘോഷിക്കാന്‍ തന്നെയായിരുന്നു കുവൈത്ത് താരങ്ങള്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബെഞ്ചിന് മുമ്പില്‍ വന്ന് പലവിധത്തിലുള്ള ആംഗ്യങ്ങള്‍ കാണിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒടുവില്‍ റഫറിമാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇവരെ ഇന്ത്യന്‍ ബെഞ്ചിന് മുമ്പില്‍ നിന്നും മാറ്റിയത്.

മത്സരഫലത്തേക്കാള്‍ ചര്‍ച്ചയായത് ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള തര്‍ക്കവും കയ്യാങ്കളിയുമാണ്. ഇതിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് വീണ്ടും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ആദ്യ പകുതിയില്‍ അനിരുദ്ധ് ഥാപ്പയും കുവൈത്ത് താരവും തമ്മില്‍ ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടിരുന്നു.

മത്സരത്തിന്റെ 63ാം മിനിട്ട് മുതലാണ് കാര്യങ്ങള്‍ കൈവിട്ടുതുടങ്ങിയത്. മഹേഷ് സിങ്ങിനെ ഫൗള്‍ ചെയ്ത കുവൈത്ത് താരത്തോട് കോച്ച് ഇഗോര്‍ സ്റ്റിമാക് കയര്‍ത്തിരുന്നു. ഇതിലേക്ക് ഇരുടീമിലെയും താരങ്ങള്‍ ഓടിയെത്തി അന്തരീക്ഷം ശാന്തമാക്കിയെങ്കിലും റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയാണ് സ്റ്റിമാക്കിനെ ശിക്ഷിച്ചത്.

വൈകാതെ, മത്സരത്തിന്റെ 81ാം മിനിട്ടില്‍ റഫറി വീണ്ടും കാര്‍ഡ് പുറത്തെടുത്തതോടെ സ്റ്റിമാക്കിന് കളം വിടേണ്ടി വരികയും ചെയ്തിരുന്നു.

കളിയുടെ 88ാം മിനിട്ടിലാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഫൗള്‍ വഴങ്ങിയ സഹലിനെ കുവൈത്ത് താരം ഹമാദ് അല്‍ ഖലാഫ് പിടിച്ചു തള്ളുകയായിരുന്നു. നില തെറ്റിയ സഹല്‍ താഴെ വീണതോടെ ഇന്ത്യന്‍ താരങ്ങള്‍ ഖലാഫിനെതിരെ ഓടിയടുത്തു.

സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ റഹീം അലി ഓടിയെത്തി ഖലാഫിനെയും തള്ളിയിട്ടതോടെ കാര്യങ്ങള്‍ കുഴഞ്ഞു. കുവൈത്തിന്റെ അഹ്‌മദ് അല്‍ ദെഫിരി റഹീമിനെ തിരിച്ചു തള്ളിയതോടെ കൂടുതല്‍ താരങ്ങള്‍ ഓടിയെത്തുകയും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. ഇതോടെ റഫറി റഹീമിനെയും ഖലാഫിനെയും റെഡ് കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് അന്‍വര്‍ അലി സെല്‍ഫ് ഗോളടിച്ചതും കുവൈത്ത് താരങ്ങള്‍ ആഘോഷിച്ചതും.

ഈ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ സെമി ബെര്‍ത് ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ച ഇന്ത്യയുടെ മത്സരം ജൂലൈ ഒന്നിനാണ്. എതിരാളികള്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

 

 

Content highlight: SAAF Championship: Kuwait Players Celebrate Goal In Front Of Indian Bench