18 + ലേക്ക് ഓഡീഷന്‍ ഉണ്ടായിരുന്നില്ല; ഞങ്ങള്‍ വര്‍ക്കാവുമോ എന്ന് ചോദിച്ചവരുണ്ട്: സാഫ് ബോയ്‌സ്
Movie Day
18 + ലേക്ക് ഓഡീഷന്‍ ഉണ്ടായിരുന്നില്ല; ഞങ്ങള്‍ വര്‍ക്കാവുമോ എന്ന് ചോദിച്ചവരുണ്ട്: സാഫ് ബോയ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th October 2023, 2:59 pm

സോഷ്യല്‍മീഡിയയില്‍ ഒരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തവരാണ് സാഫ് ബോയ്‌സ്. നിരവധി ഫോളോവേഴ്‌സാണ് സൈനത്തായ്ക്കും അബൂക്കയ്ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ പലതും സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

18 പ്ലസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ഇരുവരും കാലെടുത്തുവെച്ചത്. ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സാഫ് ബോയ്‌സിലെ സഫ്‌വാനും ഷഫീക്കും. 18 പ്ലസിലേക്ക് തങ്ങള്‍ എത്തിയത് ഒരു ഓഡിഷന്‍ പോലും ഇല്ലാതെയാണെന്നും വീഡിയോകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകന്‍ അരുണ്‍ ഡി. ജോസ് സമീപിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.

‘ ഞങ്ങളുടെ വീഡിയോകള്‍ കണ്ടിട്ടാണ് എ.ഡി.ജെ ഞങ്ങളെ ഈ പടത്തിലേക്ക് വിളിച്ചത്. നമ്മുടെ ആക്ടിങ് എബിലിറ്റി പിക് ചെയ്തത് ഈ രണ്ട് കഥാപാത്രങ്ങള്‍ കണ്ടിട്ടായിരുന്നു. ഞങ്ങള്‍ക്ക് പുള്ളി ഓഡിഷന്‍ പോലും വെച്ചിട്ടില്ലായിരുന്നു. ആ സിനിമയില്‍ പലര്‍ക്കും ഓഡിഷന്‍ ഉണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി രഞ്ജു, പട്ടര്‍ എന്നീ കഥാപാത്രങ്ങള്‍ എഴുതിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മെസ്സേജ് അയച്ചു. ഞങ്ങള്‍ ഓക്കേ പറഞ്ഞപ്പോള്‍ വരാന്‍ പറഞ്ഞു.

ഞങ്ങള്‍ വര്‍ക്കാവുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. എന്നാല്‍ വര്‍ക്കായി. അവര്‍ ഹാപ്പിയായി. ഞങ്ങളെ കാസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു ഞങ്ങള്‍ ബ്രദേഴ്‌സ് ആണെന്ന്. നീയും നിന്റെ കൂടെ വീഡിയോ ചെയ്യുന്ന ആളും വാ എന്നാണ് എ.ഡി.ജെ പറഞ്ഞത്. എനിക്കൊപ്പമുള്ളത് എന്റെ കസിനോ ഫ്രണ്ടോ ആണെന്നാണ് വിചാരിച്ചത്. ഞങ്ങള്‍ സ്വന്തം സഹോദരങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി,’ സാഫ് ബോയ്‌സ് പറഞ്ഞു.

ഒരിക്കലും ഒരു വീഡിയോ ക്രിയേഷന്‍ അല്ല മൂവി മേക്കിങെന്നും ലിമിറ്റഡ് സ്‌പേസിലാണ് വീഡിയോ ക്രിയേഷന്‍ ചെയ്യുകയെന്നും എന്നാല്‍ സിനിമ അങ്ങനെയല്ലെന്നും ഇരുവരും പറഞ്ഞു.

18 പ്ലസിന്റെ ഷൂട്ട് ഏതാണ്ട് 45 ഓളം ദിവസമുണ്ടായിരുന്നു. വര്‍ക്ക് ഷോപ്പ് അടക്കം. അത് തന്നെ വലിയ വ്യത്യാസമാണ്. പിന്നെ ഫെയിം എല്ലാത്തിലും ഒരേ ലെവല്‍ ആണ്. എന്നാല്‍ സിനിമയില്‍ അഭിനയിച്ചാല്‍ നമുക്ക് ആളുകളില്‍ നിന്ന് കിട്ടുന്ന അപ്രോച്ചില്‍ വ്യത്യാസമുണ്ട്.

തിയേറ്റര്‍ വിസിറ്റിലാണ് ഞങ്ങള്‍ക്ക് അത് മനസിലായത്. സിനിമ കഴിഞ്ഞപ്പോള്‍ ആളുകള്‍ നമ്മളെ കെട്ടിപ്പിടിച്ച് ഹഗ്ഗ് ചെയ്തിരുന്നു. യൂ ട്യൂബര്‍ ആയാലും സോഷ്യല്‍ മീഡിയയില്‍ ആ ഫെയിം കിട്ടിയാലും ആളുകള്‍ക്കിടയില്‍ ഒരു ഗ്യാപ് ഉണ്ടാവും. എന്നാല്‍ സിനിമയില്‍ അഭിനയിച്ചാല്‍ ആ ഗ്യാപ്പ് ഇല്ലാതാവും. അവരില്‍ ഒരാളാകും,’ സാഫ് ബോയ്‌സ് പറഞ്ഞു.

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രമാണ് സഫ്‌വാന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Content Highlight: Saaf Boys about 18+ movie