| Tuesday, 18th June 2024, 12:09 am

അന്താരാഷ്ട്ര ടി-20യില്‍ നാല് ഓവറും മെയ്ഡനാക്കിയ ആദ്യ താരം ഫെര്‍ഗൂസനല്ല; 208 റണ്‍സിന് കളി ജയിച്ച മത്സരത്തില്‍ പിറന്ന ഐതിഹാസിക നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ പപ്പുവ ന്യൂ ഗിനിക്കെതിരെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസന്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെ നാല് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയിരുന്നു. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം തന്റെ സ്‌പെല്ലിലെ നാല് ഓവറും മെയ്ഡനാക്കുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന രണ്ടാമത് മാത്രം താരമാണ് ലോക്കി ഫെര്‍ഗൂസന്‍. ഒരു ടി-20ഐ മാച്ചില്‍ റണ്‍സ് വഴങ്ങാതെ നാല് ഓവറും എറിഞ്ഞ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന നേട്ടം നിലവിലെ കനേഡിയന്‍ നായകന്‍ സാദ് ബിന്‍ സഫറിന്റെ പേരിലാണ്. ഈ നേട്ടം പിറന്നതാകട്ടെ 2021ലും.

സ്റ്റാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 2021 നവംബര്‍ 14ന് പനാമക്കെതിരെ നടന്ന മത്സരത്തിലാണ് സാദ് ബിന്‍ സഫര്‍ ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കാനഡ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി. ഓപ്പണര്‍ റയ്യാന്‍ പത്താന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ നവനീത് ദലിവാള്‍, വിക്കറ്റ് കീപ്പര്‍ ഹംസ താരിഖ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലുമാണ് കാനഡ സ്‌കോര്‍ ഉയര്‍ത്തിയത്.

പത്താന്‍ 62 പന്തില്‍ പുറത്താകാതെ 107 റണ്‍സ് നേടി. ദലിവാള്‍ 36 പന്തില്‍ 65 റണ്‍സടിച്ച് പുറത്തായപ്പോള്‍ ഹംസ താരിഖ് 25 പന്തില്‍ പുറത്താകാതെ 55 റണ്‍സും സ്വന്തമാക്കി. 18 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ലഭിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പനാമ 17.2 ഓവര്‍ ക്രീസില്‍ നിന്നെങ്കിലും 37 റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്.

പനാമ നിരയില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചത്. 21 പന്തില്‍ 14 റണ്‍സ് നേടിയ ഇര്‍ഫാന്‍ ഹഫ്ജീയാണ് ടോപ് സ്‌കോറര്‍.

കാനഡക്കായി സല്‍മാന്‍ നസര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സാദ് ബിന്‍ സഫര്‍ രണ്ട് വിക്കറ്റും നേടി. റിഷിവ് ജോഷി, ഡില്ലണ്‍ ഹെയ്‌ലിഗര്‍, ജുനൈദ് സിദ്ധിഖി എന്നിവര്‍ ഓരോ വിക്കറ്റും തങ്ങളുടെ പേരില്‍ കുറിച്ചു.

4-4-0-2 എന്നതായിരുന്നു മത്സരത്തില്‍ സാദ് ബിന്‍ സഫറിന്റെ ബൗളിങ് ഫിഗര്‍. ദിനേഷ്ഭായ് ആഹിര്‍, മുഹമ്മദ് പട്ടേല്‍ എന്നിവരുടെ വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്.ഇതിന് പിന്നാലെ ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് നടന്നുകയറാനും താരത്തിനായി.

മത്സരത്തില്‍ 208 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് കാനഡ സ്വന്തമാക്കിയത്. ഈ മത്സരം വിജയിക്കുമ്പോള്‍ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വലിയ രണ്ടാമത് വിജയ മാര്‍ജിന്‍ എന്ന നേട്ടവും കാനഡ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ റയ്യാന്‍ പത്താനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

Content Highlight: Saad Bin Zafar is the first bowler to bowl 4 maidens in a T20I innings

Latest Stories

We use cookies to give you the best possible experience. Learn more