|

ഹാട്രിക് കിരീടം നോക്കി വന്നവര്‍ക്ക് ഹാട്രിക് തോല്‍വി; നാണക്കേടില്‍ സണ്‍റൈസേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20യില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വിയുമായി ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനോടാണ് സണ്‍റൈസേഴ്‌സ് പരാജയമേറ്റുവാങ്ങിയത്.

നേരത്തെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ എം.ഐ കേപ്ടൗണിനോട് 97 റണ്‍സിന്റെ കൂറ്റന്‍ പരാജയമേറ്റുവാങ്ങിയ സണ്‍റൈസേഴ്‌സ് പാള്‍ റോയല്‍സിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വിയുമേറ്റുവാങ്ങിയിരുന്നു.

ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും കിരീടം നേടി, ഹാട്രിക് ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടിറങ്ങിയ ഏയ്ഡന്‍ മര്‍ക്രമിനും സംഘത്തിനും പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് മൂന്നാം സീസണിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്നിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ പ്രിട്ടോറിയ നായകന്‍ റിലി റൂസോ എതിരാളികളെ ബാറ്റിങ്ങിനയച്ചു. തൊട്ടതെല്ലാം പിഴച്ച സണ്‍റൈസേഴ്‌സിന് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായി.

സൂപ്പര്‍ താരം ഡേവിഡ് ബെഡ്ഡിങ്ഹാം രണ്ട് റണ്‍സിനും സാക് ക്രോളി ഒരു റണ്ണിനും മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

മിഡില്‍ ഓര്‍ഡറില്‍ മാര്‍കോ യാന്‍സെന്റെ ചെറുത്തുനില്‍പ്പാണ് സണ്‍റൈസേഴ്‌സിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 35 പന്ത് നേരിട്ട താരം 51 റണ്‍സ് നേടി. മൂന്ന് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

11 പന്തില്‍ 12 റണ്‍സ് നേടിയ ക്രെയ്ഗ് ഓവര്‍ട്ടണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 11 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും പത്ത് റണ്‍സ് സ്വന്തമാക്കിയ പാട്രിക് ക്രൂഗറും മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

ഒടുവില്‍ 19.4 ഓവറില്‍ സണ്‍റൈസേഴ്‌സ് 113ന് പുറത്തായി.

ക്യാപ്പിറ്റല്‍സിനായി ഡാരിന്‍ ഡുപാവിലണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജെയിംസ് നീഷം, ഈഥന്‍ ബോഷ്, എസ്. മുത്തുസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മിഖായേല്‍ പ്രിട്ടോറിയസാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

114 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് ആറ് വിക്കറ്റും 24 പന്തും ശേഷിക്കെ ജയം സ്വന്തമാക്കി. 30 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയ മാര്‍ക്വെസ് അക്കര്‍മാനും 23 പന്തില്‍ 27 റണ്‍സ് സ്വന്തമാക്കിയ വില്‍ ജാക്‌സുമാണ് ക്യാപ്പിറ്റല്‍സിന്റെ വിജയം അനായാസമാക്കിയത്. സീസണില്‍ ക്യാപ്പിറ്റല്‍സിന്റെ ആദ്യ ജയമാണിത്.

ഈ വിജയത്തിന് പിന്നാലെ ക്യാപ്പിറ്റല്‍സ് മൂന്ന് മത്സരത്തില്‍ നിന്നും ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഒറ്റ പോയിന്റ് പോലും നേടാന്‍ സാധിക്കാതെ അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്.

ജനുവരി 16നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. അടുത്ത ദിവസം സണ്‍റൈസേഴ്‌സ് ഒരിക്കല്‍ക്കൂടി തങ്ങളുടെ ആദ്യ ജയം തേടി കളത്തിലിറങ്ങും. ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. കിങ്‌സ്മീഡാണ് വേദി.

Content Highlight: SA20: Sunrisers Eastern Cape suffer 3rd consecutive loss