എസ്.എ 20യുടെ മൂന്നാം സീസണിന് കളമൊരുങ്ങുകയാണ്. ജനുവരി ഒമ്പതിനാണ് ടൂര്‍ണമെന്റിന്റെ പുതിയ സീസണിന് തിരശീല ഉയരുന്നത്. സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് എം.ഐ കേപ് ടൗണിനെ നേരിടും.
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും കിരീടമണിഞ്ഞ സണ്‍റൈസേഴ്‌സ് തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ആദ്യ സീസണില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞ ഓറഞ്ച് ആര്‍മി രണ്ടാം സീസണില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തി.
ആദ്യ സീസണില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് സണ്‍റൈസേഴ്‌സ് നോക്ക് ഔട്ടിന് യോഗ്യത നേടിയത്. സെമി ഫൈനലില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ 14 റണ്‍സിന് തോല്‍പിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ ഓറഞ്ച് ആര്‍മി നാല് വിക്കറ്റിന് പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ച് എസ്.എ 20യുടെ ആദ്യ ചാമ്പ്യന്‍മാരായി.
ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ ഏഴിലും വിജയിച്ച് ടേബിള്‍ ടോപ്പേഴ്‌സായാണ് സണ്‍റൈസേഴ്‌സ് മുമ്പോട്ട് കുതിച്ചത്.
പ്ലേ ഓഫിലെ ആദ്യ മത്സരത്തില്‍ പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ 51 റണ്‍സിന് തകര്‍ത്താണ് ഈസ്റ്റേണ്‍ കേപ്പിന്റെ പോരാളികള്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ടാം എലിമിനേറ്ററില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് വീണ്ടും സണ്‍റൈസേഴ്‌സിനെ നേരിടാനെത്തി.
ന്യൂലാന്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടോം ഏബല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലും മാര്‍കോ യാന്‍സന്റെ ഫൈഫര്‍ മികവിലും 89 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി സണ്‍റൈസേഴ്‌സ് രണ്ടാം കിരീടം സ്വന്തമാക്കുകയായിരുന്നു.
ഇത്തവണയും കിരീടം നേടാനുള്ള മികച്ച സ്‌ക്വാഡ് തന്നെയാണ് സണ്‍റൈസേഴ്‌സിനുള്ളത്. ഏയ്ഡന്‍ മര്‍ക്രമിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയാണ് തുടര്‍ച്ചയായ മൂന്ന് സീസണിലും സണ്‍റൈസേഴ്‌സ് ഇറങ്ങുന്നത്.
മര്‍ക്രമിന് പുറമെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, ഡേവിഡ് ബെഡ്ഡിങ്ഹാം അടക്കമുള്ള സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരങ്ങളും സാക്ക് ക്രോളിയും ടോം ഏബലുമടക്കമുള്ള ഇംഗ്ലീഷ് കരുത്തരും ഓറഞ്ച് ആര്‍മിയില്‍ അണിനിരക്കുന്നുണ്ട്.
ജോര്‍ഡന്‍ ഹെര്‍മന്‍, ടോം ഏബല്‍, സാക്ക് ക്രോളി, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ബെയേഴ്‌സ് സ്വാന്‍പിയോള്‍, ലിയാം ഡോവ്‌സണ്‍, മാര്‍കോ യാന്‍സെന്‍, പാട്രിക് ക്രൂഗര്‍, വാന്‍ ഡെര്‍ മെര്‍വ്, ഡാനിയല്‍ സ്മിത് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് ബെഡ്ഡിങ്ഹാം (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), ആന്‍ഡില്‍ സിമിലാനെ, കാലെബ് സെലേക, ക്രെയ്ഗ് ഓവര്‍ടണ്‍, ഒക്ഹുല്‍ സെലെ, ഒട്‌നീല്‍ ബാര്‍ട്മാന്‍, റിച്ചാര്‍ജഡ് ഗ്ലീസണ്‍, സൈമണ്‍ ഹാര്‍മര്‍.
Content highlight: SA20: Sunrisers Eastern Cape gunning for 3rd consecutive title