എസ്.എ20 2024ന്റെ പ്ലേ ഓഫില്‍ പ്രവേശിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്. കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ ഫാഫ് ഡു പ്ലെസിയെയും സംഘത്തെയും പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചത്.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ പാള്‍ റോയല്‍സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറാനും സണ്‍റൈസേഴ്‌സിനായി.
നിലവില്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന മൂന്നാമത് ടീമാണ് സണ്‍റൈസേഴ്‌സ്. പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സും പാള്‍ റോയല്‍സുമാണ് പ്ലേ ഓഫ് ഉറപ്പിച്ച മറ്റ് ടീമുകള്‍.
പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്‌പോട്ടിന് വേണ്ടി മൂന്ന് ടീമുകളാണ് ഇനി മത്സര രംഗത്തുള്ളത്. ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്, പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ്, എം.ഐ കേപ്ടൗണ്‍ എന്നിവരാണ് പ്ലേ ഓഫിലെ ശേഷിക്കുന്ന സ്ഥാനത്തിനായി മത്സരരംഗത്തുള്ളത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ വിജയം. സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്‌സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് നായകന്‍ ഏയ്ഡന്‍ മര്‍ക്രം എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മര്‍ക്രമിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ജോബെര്‍ഗിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെയും റീസ ഹെന്‍ഡ്രിക്‌സിന്റെയും വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. ഡക്കായാണ് ഇരുവരും പുറത്തായത്.
നാലാം നമ്പറില്‍ ഇറങ്ങിയ വെയ്ന്‍ മാഡ്സണ്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 23 പന്തില്‍ 32 റണ്‍സാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. സൂപ്പര്‍ കിങ്സ് നിരയില്‍ 20ന് മേല്‍ സ്‌കോര്‍ ചെയ്ത ഏക താരവും മാഡ്സണ്‍ തന്നെ.
ഓപ്പണര്‍ ഡി പ്ലൂയ് 18 റണ്‍സ് നേടിയപ്പോള് ഡൗഗ് ബ്രേസ്വെല്‍ 12 റണ്‍സും നേടി.
ഒടുവില്‍ 15.2 ഓവറില്‍ സൂപ്പര്‍ കിങ്സ് വെറും 78 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എസ്.എ20യുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ടോട്ടലാണിത്.
ഈസ്റ്റേണ്‍ കേപ്പിനായി പാട്രിക് ക്രൂഗര്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡാനിയല്‍ വോറല്‍ നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി. മാര്‍കോ യാന്‍സെന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെയേഴ്സ് സ്വെന്‍പോള്‍ രണ്ട് വിക്കറ്റും നേടി സൂപ്പര്‍ കിങ്‌സിന്റെ പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ് ഡേവിഡ് മലന്‍, ടോം ഏബല്‍, ജോര്‍ദന്‍ ഹെമന്‍ എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തില്‍ വിജയിച്ചുകയറുകയായിരുന്നു.
Content highlight: SA20: Sunrisers Easter Cape qualifies for play offs