| Wednesday, 31st January 2024, 10:45 am

അങ്ങനെ രാജസ്ഥാന്റെ റോയല്‍സും കയറിപ്പറ്റി; ഇനിയുള്ള രണ്ട് പേര്‍ ആരൊക്കെ?

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20 2024ല്‍ പ്ലേ ഓഫിന് യോഗ്യത നേടി പാള്‍ റോയല്‍സ്. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റ് നേടിയാണ് റോയല്‍സ് പ്ലേ ഓഫിന് യോഗ്യത നേടിയത്. നിലവില്‍ നോക്ക് ഔട്ടിന് യോഗ്യത നേടിയ രണ്ടാമത് മാത്രം ടീമാണ് റോയല്‍സ്.

സീസണില്‍ രണ്ട് മത്സരങ്ങളാണ് റോയല്‍സിന് കളിക്കാന്‍ ബാക്കിയുള്ളത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ്പിനെയാണ് രണ്ട് മത്സരത്തിലും റോയല്‍സിന് നേരിടാനുള്ളത്.

ഫെബ്രുവരി രണ്ടിന് റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ബൗളണ്ട് പാര്‍ക്കിലും ഫെബ്രുവരി നാലിന് സെന്റ് ജോര്‍ജ്‌സ് ഓവലിലുമാണ് മത്സരങ്ങള്‍ അരങ്ങേറുക.

പോയിന്റ് ടോബ്‌ളില്‍ ഒന്നാം സ്ഥാനക്കാരായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സാണ് പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ച ആദ്യ ടീം. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സൂപ്പര്‍ ജയന്റ്‌സ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ നാലാം ജയവും സ്വന്തമാക്കിയിരുന്നു.

ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയുമായി 32 പോയിന്റാണ് സൂപ്പര്‍ ജയന്റ്‌സിനുള്ളത്. സീസണില്‍ പ്ലേ ഓഫിന് മുമ്പ് ഒരു മത്സരം കൂടി സൂപ്പര്‍ ജയന്റ്‌സിന് കളിക്കാന്‍ ബാക്കിയുണ്ട്. ഫെബ്രുവരി മൂന്നിന് നടക്കുന്ന മത്സരത്തില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

രണ്ട് ടീമുകള്‍ക്കാണ് ഇനി പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കുക. രണ്ട് മത്സരം മാത്രം വിജയിച്ച മുംബൈ ഫ്രാഞ്ചൈസി അടക്കമുള്ള നാല് ടീമുകള്‍ക്കും നിലവില്‍ പ്ലേ ഓഫ് സാധ്യതയുണ്ട്.

ഏഴ് മത്സരത്തില്‍ നിന്നും നാല് ജയവുമായി 19 പോയിന്റുള്ള സണ്‍ റൈസേഴ്‌സ് ഈസ്‌റ്റേണ്‍ കേപ്പാണ് നിലവില്‍ പോയിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. പാള്‍ റോയല്‍സിനെതിരായ രണ്ട് മത്സരത്തിന് പുറമെ ബുധനാഴ്ച ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിനെയാണ് ഓറഞ്ച് പടക്ക് നേരിടാനുള്ളത്.

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സിന്റെ എതിരാളികളായ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സാണ് പ്ലേ ഓഫ് സാധ്യത കല്‍പിക്കപ്പെടുന്ന അടുത്ത ടീം. എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി 13 പോയിന്റാണ് സൂപ്പര്‍ കിങ്‌സിനുള്ളത്. ഈസ്റ്റേണ്‍ കേപ്പിന് പുറമെ ശക്തരായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെയാണ് സൂപ്പര്‍ കിങ്‌സിന് നേരിടാനുള്ളത്. ഫെബ്രുവരി മൂന്നിനാണ് മത്സരം.

എട്ട് മത്സരത്തില്‍ നിന്നും പത്ത് പോയിന്റുള്ള പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന് മുമ്പിലും വാതില്‍ തുറന്നുതന്നെ കിടക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ വിജയിച്ചാല്‍ ക്യാപ്പിറ്റല്‍സിനും മുമ്പോട്ട് കുതിക്കാം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എം.ഐ എമിറേറ്റ്‌സാണ് രണ്ട് മത്സരത്തിലും ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

എട്ട് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റാണ് എമിറേറ്റ്‌സിനുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കുകയും ചെയ്താല്‍ ഒരുപക്ഷേ എമിറേറ്റ്‌സും നോക്ക് ഔട്ടിന് യോഗ്യത നേടിയേക്കും.

Content highlight: SA20: Paarl Royals qualified for play offs

We use cookies to give you the best possible experience. Learn more