എസ്.എ 20യില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എം.ഐ കേപ് ടൗണ്‍ പാള്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് കേപ് ടൗണ്‍ സ്വന്തമാക്കിയത്.
കേപ് ടൗണ്‍ ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
സൂപ്പര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് കരുത്തിലാണ് റോയല്‍സിന് അടി തെറ്റിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം വെറും 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.
രണ്ട് മെയ്ഡനുകളും താരത്തിന്റെ സ്‌പെല്ലില്‍ പിറവിയെടുത്തിരുന്നു. ഈ രണ്ട് ഓവറിലും താരം വിക്കറ്റും സ്വന്തമാക്കി. റോയല്‍സ് ഇന്നിങ്‌സിലെ നാലാം ഓവറിലും ആറാം ഓവറിലുമായിരുന്നു ന്യൂലാന്‍ഡ്‌സിലെ ആരാധകര്‍ റബാദ മാജിക്കിന് സാക്ഷികളായത്.
നാലാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജോ റൂട്ടിനെ ജോര്‍ജ് ലിന്‍ഡെയുടെ കൈകളിലെത്തിച്ചാണ് റബാദ തുടങ്ങിയത്. പിന്നാലെയെത്തിയ സാം ഹെയ്‌നിന് റബാദയുടെ അഞ്ച് പന്തിലും ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ സാധിച്ചില്ല.
ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 15 റണ്‍സെടുത്ത് ഡ്രെ പ്രിട്ടോറിയസ് റബാദ സൃഷ്ടിച്ച സമ്മര്‍ദത്തില്‍ നിന്ന് തത്കാലത്തേക്കെങ്കിലും റോയല്‍സിനെ കരയറ്റി. എന്നാല്‍ ആറാം ഓവര്‍ എറിയാന്‍ റബാദ പന്തെടുത്തതോടെ ടീം വീണ്ടും സമ്മര്‍ദത്തിലായി.
ഓവറിലെ ആദ്യ പന്ത് പ്രിട്ടോറിയസ് ഡിഫന്‍ഡ് ചെയ്തു. എന്നാല്‍ രണ്ടാം പന്തില്‍ പ്രിട്ടോറിയസിനെ ഡെവാള്‍ഡ് ബ്രെസിന്റെ കൈകളിലൊതുക്കിയ റബാദ ടീമിന് വീണ്ടും ബ്രേക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ വാന്‍ ബ്യൂറന് അടുത്ത നാല് പന്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോയതോടെ റബാദയുടെ പേരില്‍ രണ്ടാം വിക്കറ്റ് മെയ്ഡനും കുറിക്കപ്പെട്ടു.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ കേപ് ടൗണ്‍ സൂപ്പര്‍ താരം റീസ ഹെന്‍ഡ്രിക്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
37 പന്ത് നേരിട്ട് 59 റണ്‍സാണ് റീസ ഹെന്‍ഡ്രിക്സ് സ്വന്തമാക്കിയത്. 33 പന്തില്‍ 43 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ഡസനും 18 പന്തില്‍ 29 റണ്‍സടിച്ച് ഡിലാനോ പോട്ഗീറ്ററുമാണ് മറ്റ് റണ്‍ഗെറ്റര്‍മാര്‍.
പാള്‍ റോയല്‍സിനായി ദയ്യാന്‍ ഗലിയെം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്യോണ്‍ ഫോര്‍ച്യൂണ്‍, ക്വേന മഫാക്ക, മുജീബ് ഉര്‍ റഹ്‌മാന്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നാലെയെത്തിയവര്‍ക്ക് അത് മുതലാക്കാന്‍ സാധിക്കാതെ പോയി. ഓപ്പണര്‍മാരായ ലുവാന്‍ ഡ്രെ പ്രിട്ടോറിയസും ജോ റൂട്ടും 26 റണ്‍സ് വീതം നേടി മടങ്ങി. എന്നാല്‍ മിഡില്‍ ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ റോയല്‍സ് സമ്മര്‍ദത്തിലായി
ഒമ്പതാം നമ്പറില്‍ ക്രീസിലെത്തി 21 പന്തില്‍ 34 റണ്‍സ് നേടിയ മുജീബ് ഉര്‍ റഹ്‌മാനും 19 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടിയ ക്വേന മഫാക്കയുമാണ് റോയല്‍സിനെ നൂറ് കടത്തിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്ത് റോയല്‍സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
കേപ് ടൗണിനായി ജോര്‍ജ് ലിന്‍ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദയ്ക്ക് പുറമെ ക്യാപ്റ്റന്‍ റാഷിദ് ഖാനും രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അസ്മത്തുള്ള ഒമര്‍സായ് ആണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി ഒമ്പത് പോയിന്റോടെ ഒന്നാമതാണ് കേപ് ടൗണ്‍.
നാളെയാണ് കേപ് ടൗണ്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബോളണ്ട് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാള്‍ റോയല്‍സ് തന്നെയാണ് എതിരാളികള്‍.
Content Highlight: SA20: Kagiso Radaba’s brilliant bowling performance against Paarl Royals