എസ്.എ20യില്‍ എം.ഐ കേപ്ടൗണിനെതിരെ ഗംഭീര വിജയം സ്വന്തമാക്കി ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞ ദിവസം ന്യൂലാന്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ജോബെര്‍ഗ് മത്സരം വിജയിച്ചത്.
മോശം കാലാവസ്ഥ മൂലം മത്സരം എട്ട് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ജോബെര്‍ഗ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേപ്ടൗണ്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 80 റണ്‍സ് നേടി. ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് എം.ഐക്ക് തുണയായത്. വെറും പത്ത് പന്തില്‍ പുറത്താകാതെ 33 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.
നാല് ഫോറും ഒരു ബൗണ്ടറിയുമടക്കം 330.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് പൊള്ളാര്‍ഡ് റണ്ണടിച്ചുകൂട്ടിയത്. 16 പന്തില്‍ 23 റണ്‍സുമായി റിയാന്‍ റിക്കല്‍ടണും 18 പന്തില്‍ 16 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ ഡസനുമാണ് സ്‌കോറിങ്ങില്‍ നിര്‍ണമായകമായ മറ്റ് എം.ഐ താരങ്ങള്‍.
സൂപ്പര്‍ കിങ്‌സിനായി ഇമ്രാന്‍ താഹിര്‍ ഒരു ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ലിസാദ് വില്യംസാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
സൂപ്പര്‍ കിങ്‌സ് നിരയില്‍ ഡേവിഡ് വീസാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. രണ്ട് ഓവറില്‍ 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെയും ലൂയീസ് ഡി പ്ലൂയിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ ബലത്തില്‍ വെറും 34 പന്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ലൂയീസ് 14 പന്തില്‍ 41 റണ്‍സ് നേടി. 292.86 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ നാല് സിക്‌സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മറുവശത്ത് ക്യാപ്റ്റന്‍ ഫാഫും വെടിക്കെട്ട് പുറത്തെടുത്തു. കേവലം 20 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് ഫാഫ് ജോബെര്‍ഗിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് ഡു പ്ലെസി എം.ഐ ബൗളര്‍മാരെ അടിച്ചുകൂട്ടിയത്.
കേപ്ടൗണ്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാരും 10ന് മുകളില്‍ എക്കോണമിയിലാണ് റണ്‍സ് വഴങ്ങിയത്. ജോര്‍ജ് ലിന്‍ഡെ ഒരു ഓവറില്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ കഗീസോ റബാദ രണ്ട് ഓവറില്‍ 38 റണ്‍സാണ് വിട്ടുകൊടുത്തത്. നുവാന്‍ തുഷാര ഒരു ഓവറില്‍ 18ഉം സാം കറന്‍ ഒരു ഓവറില്‍ 13ഉം റണ്‍സ് വഴങ്ങി.
സീസണില്‍ സൂപ്പര്‍ കിങ്‌സിന്റെ രണ്ടാമത് മാത്രം വിജയമാണ്. ഈ ജയത്തിന് പിന്നാലെ അവസാന സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കയറാനും ജോബെര്‍ഗിനായി. എട്ട് മത്സരത്തില്‍ നിന്നും 13 പോയിന്റാണ് സൂപ്പര്‍ കിങ്‌സിനുള്ളത്.
എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി ഒമ്പത് പോയിന്റ് നേടിയ എം.ഐ അവസാന സ്ഥാനത്താണ്.
നാളെയാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ സണ്‍ റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പാണ് എതിരാളികള്‍.
Content highlight: SA20: Faf du Plessis brilliant innings against MI Cape Town