| Thursday, 11th January 2024, 6:40 pm

എന്റമ്മോ എന്തൊരു ടീം 🔥 🔥 ഒരു ടീമില്‍ തന്നെ വിക്കറ്റ് കീപ്പര്‍മാരായി ഡി കോക്കും പൂരനും ക്ലാസനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ20ക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സെന്റ് ജോര്‍ജ്‌സ് ഓവലിലായിരുന്നു ഉദ്ഘാടന മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പും ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സുമായിരുന്നു ആദ്യ മത്സരത്തിലേറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ മത്സരം ഉപേക്ഷിച്ചത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.

അതേസമയം, ഫാന്‍ ഫേവറിറ്റുകളായ രണ്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ കേപ് ടൗണും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ പതിപ്പായ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സുമാണ് രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

ഇതില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന്റെ സ്‌ക്വാഡ് കണ്ട ഞെട്ടലിലാണ് ആരാധകര്‍. ഒന്നല്ല രണ്ടല്ല മൂന്ന് വേള്‍ഡ് ക്ലാസ് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വാഡിന്റെ ഭാഗമാകുന്നത്. പ്രോട്ടിയാസ് സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍, കരീബിയന്‍ കരുത്തന്‍ നിക്കോളാസ് പൂരന്‍ എന്നിവരാണ് സൂപ്പര്‍ ജയന്റ്‌സിന്റെ സ്‌ക്വാഡിലുള്ളത്.

വിക്കറ്റിന് പിറകില്‍ മാസ്മരിക പ്രകടനമാണ് മൂവരും നടത്തുന്നത്. മൂവരും ഒന്നിനൊന്ന് മെച്ചമായതിനാല്‍ ഇതില്‍ ആരെ വിക്കറ്റ് കീപ്പറാക്കിയാലും ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിന് പേടിക്കാനൊന്നും തന്നെയില്ല.

ഏറെ നാളുകള്‍ സൗത്ത് ആഫ്രിക്കക്കായി വിക്കറ്റിന് പിന്നില്‍ മിന്നല്‍പിണരായവനാണ് ക്വിന്റണ്‍ ഡി കോക്. ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും താരം കീപ്പിങ് ഗ്ലൗസ് അണിഞ്ഞിട്ടുണ്ട്.

ടി-20 ഫോര്‍മാറ്റില്‍ 301 ക്യാച്ചുകളും 64 സ്റ്റംപിങ്ങുകളുമാണ് ഡി കോക്കിന്റെ പേരിലുള്ളത്.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വം 5D താരങ്ങളില്‍ പ്രധാനിയാണ് നിക്കോളാസ് പൂരന്‍. വിന്‍ഡീസിനായി കീപ്പിങ് ഗ്ലൗ അണിഞ്ഞ പ്രധാന താരങ്ങളുടെ പട്ടികയെടുത്താല്‍ പൂരനും അതിലൊരു സ്ഥാനമുണ്ടാകും. വിക്കറ്റിന് പിന്നില്‍ 32 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ പൂരന്‍ ടി-20 ഫോര്‍മാറ്റില്‍ 206 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇവര്‍ക്കൊപ്പം തന്നെ ചേര്‍ത്തുവെക്കാന്‍ സാധിക്കുന്ന പേരാണ് ക്ലാസന്റേതും. 20 ഓവര്‍ ഫോര്‍മാറ്റില്‍ സ്റ്റംപിങ്ങിലൂടെ 33 താരങ്ങളെ പുറത്താക്കിയ ക്ലാസന്‍, 107 ക്യാച്ചും ടി-20യില്‍ നേടിയിട്ടുണ്ട്.

ജനുവരി 11 ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് കേപ് ടൗണ്‍ – ഡര്‍ബന്‍ മത്സരം. കിങ്‌സ്മീഡാണ് വേദി.

Content Highlight: SA20, Durban’s Super Giants has 3 world class wicket keepers in the team

We use cookies to give you the best possible experience. Learn more