| Tuesday, 7th January 2025, 9:11 am

ഇനി വെറും രണ്ടേ രണ്ട് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്, രാജസ്ഥാന്റെ റോയല്‍സ് ആദ്യ മത്സരത്തിന് എന്ന് ഇറങ്ങും?

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ 20യുടെ മൂന്നാം സീസണിന് ഇനി വെറും രണ്ട് ദിവസത്തിന്റെ കാത്തിരിപ്പ്. ജനുവരി ഒമ്പതിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഇസ്റ്റേണ്‍ കേപ് എം.ഐ കേപ് ടൗണിനെ നേരിടും. സെന്റ് ജോര്‍ജ്‌സ് ഓവലാണ് വേദി.

തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് സണ്‍റൈസേഴ്‌സ് കളത്തിലിറങ്ങുന്നത്. ആദ്യ സീസണില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് കിരീടമണിഞ്ഞ സണ്‍റൈസേഴ്‌സ് രണ്ടാം സീസണില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി രണ്ടാം കിരീടവുമണിഞ്ഞു.

മുന്‍ സീസണുകളെന്ന പോലെ ഇത്തവണയും ആറ് ടീമുകളാണ് സൗത്ത് ആഫ്രിക്കയുടെ ഐ.പി.എല്ലിനിറങ്ങുന്നത്. ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ തന്നെയാണ് എസ്.എ20യിലെ എല്ലാ ടീമുകളുടെയും ഉടമകള്‍ എന്നതിനാല്‍ തന്നെ ഐ.പി.എല്ലിന്റെ യഥാര്‍ത്ഥ കൗണ്ടര്‍പാര്‍ട്ട് എന്ന് എസ്.എ20യെ വിശേഷിപ്പിക്കാന്‍ സാധിക്കും.

ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എം.ഐ കേപ് ടൗണ്‍ (മുംബൈ ഇന്ത്യന്‍സ്), പാള്‍ റോയല്‍സ് (രാജസ്ഥാന്‍ റോയല്‍സ്), പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്), സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് എസ്.എ 20യിലെ ടീമുകള്‍.

ജനുവരി 11നാണ് പാള്‍ റോയല്‍സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഹോം ഗ്രൗണ്ടായ ബോളണ്ട് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.

ഇത്തവണ ഇന്ത്യന്‍ ആരാധകര്‍ക്ക് പാള്‍ റോയല്‍സിനെ ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടി അധികമായുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ താരം എസ്.എ 20 കളിക്കുന്നത് പാള്‍ റോയല്‍സിനൊപ്പമാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേഷ് കാര്‍ത്തിക്കാണ് ഇത്തവണ പിങ്ക് ജേഴ്‌സിയിലെത്തുന്നത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് നില്‍ക്കവെയാണ് ദിനേഷ് കാര്‍ത്തിക് എസ്.എ 20യുടെ ഭാഗമാകുന്നത്.

ഡേവിഡ് മില്ലര്‍ നയിക്കുന്ന റോയല്‍സ് നിരയില്‍ ഇതിഹാസ താരം ജോ റൂട്ട് അടക്കം നിരവധി താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്.

അതേസമയം, ഫെബ്രുവരി രണ്ടോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നാല് മുതലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി എട്ടിന് വാണ്ടറേഴ്‌സ് സ്റ്റേഡിയമാണ് കലാശപ്പോരാട്ടത്തിന് വേദിയാവുക.

Content highlight: SA20: 3rd Season starts on January 9

We use cookies to give you the best possible experience. Learn more