| Wednesday, 25th September 2024, 8:13 pm

ചരിത്രത്തിലാദ്യം; ഐ.പി.എല്ലില്‍ നിന്നടക്കം വിരമിച്ച വെടിക്കെട്ട് വീരന്‍ വീണ്ടും ക്രീസിലേക്ക്, പിങ്ക് ജേഴ്‌സിയില്‍ കളി കളറാകും

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന എസ്.എ 20യുടെ മൂന്നാം എഡിഷന് മുന്നോടിയായി എല്ലാ ടീമുകളും തങ്ങളുടെ സ്‌ക്വാഡ് പുറത്തുവിട്ടു. ഓരോ ടീമുകള്‍ക്കും ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരവും ബാക്കിയുണ്ട്. ഓപ്പണ്‍ പ്ലെയര്‍ സ്ലോട്ട്, ഓവര്‍സീസ് സ്ലോട്ട്, റുക്കി സ്ലോട്ട് എന്നീ കാറ്റഗറിയിലാണ് ഓരോ ടീമുകള്‍ക്കും താരങ്ങളെ സ്വന്തമാക്കാന്‍ സാധിക്കുക.

സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്, എം.ഐ കേപ് ടൗണ്‍, ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്, പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ്, പാള്‍ റോയല്‍സ്, ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് ടീമുകളാണ് മൂന്നാം എഡിഷനില്‍ കളത്തിലിറങ്ങുന്നത്. എസ്.എ 20യിലെ ടീമുകളെല്ലാം ഐ.പി.എല്‍ ഫാമിലിയുടെ ഭാഗമാണ്.

ഇക്കൂട്ടത്തില്‍ പാള്‍ റോയല്‍സിന്റെ സ്‌ക്വാഡ് കുറച്ചധികം സ്‌പെഷ്യലാണ്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക് ടീമിന്റെ ഭാഗമാണ് എന്നത് തന്നെയാണ് പാള്‍ റോയല്‍സ് സ്‌ക്വാഡിനെ എക്‌സ്ട്രാ സ്‌പെഷ്യലാക്കുന്നത്.

കാര്‍ത്തിക് പാള്‍ റോയല്‍സിന്റെ ഭാഗമാകുന്നതോടെ ചരിത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. എസ്.എ 20യില്‍ കളത്തിലിറങ്ങുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കാര്‍ത്തിക്കിനെ തേടിയെത്തുന്നത്.

തങ്ങളുടെ ഒരു താരത്തെയും ബി.സി.സി.ഐ പുറത്തുള്ള പ്രധാന ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാറില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും അടക്കം വിരമിക്കല്‍ പ്രഖ്യാപിച്ച കാര്‍ത്തിക് കരിയറിലെ പുതിയ അധ്യായത്തിനാണ് സൗത്ത് ആഫ്രിക്കയില്‍ നാന്ദി കുറിക്കുന്നത്.

ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പുത്തന്‍ പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഡി.കെ പാള്‍ റോയല്‍സിനൊപ്പം കരാറിലെത്തിയതുമുതല്‍ താരത്തെ വീണ്ടും ക്രീസില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.

ഏറ്റവും അത്യാവശ്യമുള്ള സമയത്താണ് ദിനേഷ് കാര്‍ത്തിക്കിനെ റോയല്‍സിന് കിട്ടുന്നത്. ഇംഗ്ലണ്ട് സൂപ്പര്‍ താരവും റോയല്‍സിന്റെ വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ അടുത്ത സീസണില്‍ എസ്.എ 20 കളിക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു. നാഷണല്‍ ഡ്യൂട്ടി കാരണമാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായത്. ഈ സ്ഥാനത്തേക്കാണ് ദിനേഷ് കാര്‍ത്തിക് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഈ വര്‍ഷത്തെ ഐ.പി.എല്ലിന് പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി കളിച്ചുകൊണ്ടാണ് താരം പടിയിറങ്ങിയത്. എന്നാല്‍ അടുത്ത സീസണിലും താരം ബെംഗളൂരുവിനൊപ്പമുണ്ടാകും. ടീമിന്റെ ബാറ്റിങ് കോച്ചും പരിശീലകനുമായാണ് താരം നിയമിക്കപ്പെട്ടിട്ടുള്ളത്.

എസ്.എ20 2025 പാള്‍ റോയല്‍സ്

  • ഓക്ഷന്‍ പേഴ്‌സ് – 11.950 മില്യണ്‍ റാന്‍ഡ്
  • ഓപ്പണ്‍ പ്ലെയര്‍ സ്ലോട്ട് – 1
  • ഓപ്പണ്‍ ഓവര്‍സീസ് പ്ലെയര്‍ സ്ലോട്ട് – 1
  • റുക്കി സ്ലോട്ട് – 1

നിലവിലെ സ്‌ക്വാഡ്

ഡേവിഡ് മില്ലര്‍, മുജീബ് ഉര്‍-റഹ്‌മാന്‍ (അഫ്ഗാനിസ്ഥാന്‍), സാം ഹെയ്ന്‍ (ഇംഗ്ലണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്), ദിനേഷ് കാര്‍ത്തിക് (ഇന്ത്യ), ക്വേന മഫാക, ആന്‍ഡില്‍ പെഹ്‌ലുക്വായോ, കോഡി യൂസഫ്, ജോണ്‍ ടര്‍ണര്‍ (ഇംഗ്ലണ്ട്), ദയാന്‍ ഗലീം, ജേക്കബ് ബെഥെല്‍ (ഇംഗ്ലണ്ട്), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ബ്യോണ്‍ ഫോര്‍ച്യൂണ്‍, ലുങ്കി എന്‍ഗിഡി, മിച്ചല്‍ വാന്‍ ബ്യൂറന്‍, കീത്ത് ഡഡ്ജിയോണ്‍, എന്‍കാബ പീറ്റര്‍

എസ്.എ 20യുടെ ആദ്യ സീസണായ 2023ല്‍ നാലാം സ്ഥാനത്താണ് പാള്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. പത്ത് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 19പോയിന്റാണ് ടീമിനുണ്ടായിരുന്നത്. തൊട്ടടുത്ത സീസണില്‍ റോയല്‍സ് നില മെച്ചപ്പെടുത്തി, മൂന്നാം സ്ഥാനം. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റാണ് ടീമിന് ലഭിച്ചത്.

രണ്ട് സീസണിലും നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും ഒരിക്കല്‍ പോലും കിരീടമണിയാന്‍ ടീമിന് സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ കന്നിക്കിരീടം തന്നെയാണ് പാള്‍ മലനിരയുടെ രാജാക്കന്‍മാര്‍ ലക്ഷ്യമിടുന്നത്.

Content highlight: SA20 2025: Paarl Royals announced squad, Dinesh Karthik included

We use cookies to give you the best possible experience. Learn more