പുതിയ സീസണില്‍ പിങ്ക് ജേഴ്‌സിയില്‍ ജോസേട്ടനില്ല; പുതിയ വിക്കറ്റ് കീപ്പറെ തേടാന്‍ റോയല്‍സ്
Sports News
പുതിയ സീസണില്‍ പിങ്ക് ജേഴ്‌സിയില്‍ ജോസേട്ടനില്ല; പുതിയ വിക്കറ്റ് കീപ്പറെ തേടാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th August 2024, 11:48 am

അടുത്ത വര്‍ഷം നടക്കുന്ന എസ്.എ20യില്‍ ജോസ് ബട്‌ലര്‍ കളിക്കില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ പാള്‍ റോയല്‍സിന്റെ താരമാണ് ബട്‌ലര്‍. നാഷണല്‍ ഡ്യൂട്ടിയുടെ തിരക്കുകളില്‍ ആകുമെന്നതിനാലാണ് 2025 എസ്.എ20ല്‍ നിന്നും ബട്‌ലറിന് പിന്‍വാങ്ങേണ്ടി വന്നിരിക്കുന്നത്.

താന്‍ പുതിയ സീസണില്‍ ടീമിനൊപ്പമുണ്ടാകില്ലെന്ന് ജോസ് ബട്‌ലറും പാള്‍ റോയല്‍സും വ്യക്തമാക്കി. ടീമിന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് താന്‍ ഇത്തവണ എസ്.എ20യുടെ ഭാഗമാകില്ലെന്ന് ബട്‌ലര്‍ അറിയിച്ചത്.

2025 ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് എസ്.എ 20 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ കാലയളവില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പായി നടക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അടക്കം നിരവധി മത്സരങ്ങള്‍ ബട്‌ലറിന് മുമ്പിലുണ്ട്. ഇക്കാരണത്താലാണ് ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന് പാള്‍ റോയല്‍സിനൊപ്പം ചേരാന്‍ സാധിക്കാതെ പോയത്.

എസ്.എ 20 ഫൈനലിന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും നടക്കാനിരിക്കുകയാണ്. ബിഗ് ഇവന്റിന് മുമ്പ് ഇംഗ്ലണ്ട് അവസാനമായി കളിക്കുന്ന സീരീസാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പര.

അതേസമയം, ബട്‌ലറിന്റെ അഭാവം പാള്‍ റോയല്‍സിന് തിരിച്ചടിയാകാനുള്ള സാധ്യതകളേറെയാണ്. ടീമിന്റെ ഓപ്പണറും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമാണ് ജോസ് ബട്‌ലര്‍. ഇതോടൊപ്പം ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിനൊപ്പം കളിക്കളത്തില്‍ തന്ത്രങ്ങള്‍ മെനയാനും ബട്‌ലര്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നു.

എസ്.എ 20യുടെ ഉദ്ഘാടന സീസണായ 2023ല്‍ നാലാം സ്ഥാനത്താണ് പാള്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. പത്ത് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 19പോയിന്റ്. തൊട്ടടുത്ത സീസണില്‍ റോയല്‍സ് നില മെച്ചപ്പെടുത്തി, മൂന്നാം സ്ഥാനം. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റാണ് ടീമിന് ലഭിച്ചത്.

രണ്ട് സീസണിലും നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും ഒരിക്കല്‍ പോലും കിരീടമണിയാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ പുതിയ സീസണില്‍ കിരീടം നേടാന്‍ സാധിക്കുമെന്നാണ് ടീം ഉറച്ചുവിശ്വസിക്കുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദി ഹണ്‍ഡ്രഡില്‍ നിന്നും ബട്‌ലര്‍ പുറത്തായിരുന്നു. പരിക്ക് കാരണമാണ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് നായകന് സീസണ്‍ നഷ്ടമായത്.

കാഫ് ഇന്‍ജുറിക്ക് പിന്നാലെയാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുന്നത്. ബട്‌ലറിന് പകരം ഫില്‍ സോള്‍ട്ടിനെയാണ് മാഞ്ചസ്റ്റര്‍ ക്യാപ്റ്റന്‍സിയേല്‍പിച്ചിരിക്കുന്നത്.

 

ഏറ്റവും ചുരുങ്ങിയത് ആറ് ആഴ്ചത്തേക്കെങ്കിലും താരത്തിന് വിശ്രം ആവശ്യമാണെന്നാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 23ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ആഗസ്റ്റ് 18നാണ്. ഈ കാലയളവില്‍ തിരിച്ചുവരവ് സാധ്യമല്ലാത്തതിനാലാണ് ബട്ലറിന് ഈ ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടപ്പെടുക.

സെപ്റ്റംബര്‍ 11ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ ടി-20 പരമ്പരയില്‍ ബട്‌ലറിന് കളിക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

Content Highlight: SA20 2025: Jos Buttler will not play for Paarl Royals in upcoming season