അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനൊരുങ്ങുന്ന എസ്.എ20യില്‍ ദിനേഷ് കാര്‍ത്തിക് പാള്‍ റോയല്‍സിനായി കളത്തിലിറങ്ങും. രാജസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടാണ് പാള്‍ റോയല്‍സ്. മനോജ് ബദാലെയാണ് രണ്ട് ടീമിന്റെയും ഉടമസ്ഥന്‍.
പാള്‍ റോയല്‍സ് എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പിങ്ക് ജേഴ്‌സിയണിഞ്ഞ ഒരാള്‍ കരാര്‍ ഒപ്പുവെക്കുന്നതിന്റെ ചിത്രമാണ് പാള്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്.
ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് ടീം ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കമന്റ് സെക്ഷനില്‍ ഇത് ദിനേഷ് കാര്‍ത്തിക് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇതിന് പിന്നാലെ സസ്‌പെന്‍സ് പൊളിച്ചുകൊണ്ട് ദിനേഷ് കാര്‍ത്തിക്കും ടീമും രംഗത്തെത്തി. ബാറ്റര്‍, കീപ്പര്‍, ഫിനിഷര്‍ എന്ന ക്യാപ്ഷനോടെ കാര്‍ത്തിക്കിനെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ പാള്‍ റോയല്‍സ് പങ്കുവെച്ചിരുന്നു.
പ്ലെയറുടെ റോളില്‍ വീണ്ടും ഗ്രൗണ്ടിലെത്തുകയാണെന്നും ഇത്തവണ സൗത്ത് ആഫ്രിക്കയില്‍ നിന്നും എന്ന ക്യാപ്ഷനോടെയാണ് താരം പാള്‍ റോയല്‍സിനൊപ്പം ചേരുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
ദിനേഷ് കാര്‍ത്തിക് ടീമിനൊപ്പം ചേര്‍ന്നതിന് പിന്നാലെ പുതിയ ചരിത്രമാണ് പിറവിയെടുത്തത്. എസ്.എ20യില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വെറ്ററന്‍ സൂപ്പര്‍ താരം സ്വന്തമാക്കിയത്.
നിലവില്‍, ദിനേഷ് കാര്‍ത്തിക്കിനെ പോലെ ഒരു താരത്തെ പാള്‍ റോയല്‍സിന് നിലവില്‍ അത്യാവശ്യവുമാണ്. ഇംഗ്ലണ്ട് സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ അടുത്ത സീസണില്‍ കളിക്കില്ല എന്ന വ്യക്തമാക്കിയിരുന്നു. നാഷണല്‍ ഡ്യൂട്ടിയുള്ളതിനാലാണ് താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുന്നത്.
എക്‌സ്പീരിയന്‍സ്ഡ് വിക്കറ്റ് കീപ്പറെ തേടുന്ന റോയല്‍സിന് ദിനേഷ് കാര്‍ത്തിക്കിനെക്കാള്‍ മികച്ച ഓപ്ഷന്‍ നിലവില്‍ ഉണ്ടാകില്ല എന്ന കാര്യവും ഉറപ്പാണ്.
അതേസമയം, എസ്.എ20യുടെ ബ്രാന്‍ഡ് അംബാസഡറായും ദിനേഷ് കാര്‍ത്തിക് നിയമിതനായിരുന്നു.
ഐ.പി.എല്‍ 2024 അവസാനിച്ചതോടെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിച്ചുകൊണ്ടാണ് താരം പടിയിറങ്ങിയത്.
എന്നാല്‍ ഐ.പി.എല്‍ 2025ലും താരം ബെംഗളൂരുവിനൊപ്പമുണ്ടാകും. ടീമിന്റെ ബാറ്റിങ് കോച്ചും പരിശീലകനുമായാണ് താരം നിയമിക്കപ്പെട്ടിട്ടിുള്ളത്.
എസ്.എ 20യുടെ ഉദ്ഘാടന സീസണായ 2023ല്‍ നാലാം സ്ഥാനത്താണ് പാള്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. പത്ത് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 19പോയിന്റ്. തൊട്ടടുത്ത സീസണില്‍ റോയല്‍സ് നില മെച്ചപ്പെടുത്തി, മൂന്നാം സ്ഥാനം. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റാണ് ടീമിന് ലഭിച്ചത്.
രണ്ട് സീസണിലും നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും ഒരിക്കല്‍ പോലും കിരീടമണിയാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ പുതിയ സീസണില്‍ ഡി.കെ. ടീമിനൊപ്പം ചേരുമെന്നും റോയല്‍സിന് കിരീടം നേടാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: SA20 2025: Dinesh Karthik joins Paarl Royals