|

എന്നെ എന്തിന് ടീമിലെടുത്തു എന്ന് ചോദിച്ചവരെല്ലാം കണ്ണ് തുറന്ന് കാണ്, ദേ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ്; വായടപ്പിച്ച് പാറ്റേഴ്‌സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളും വിജയിച്ച് ആതിഥേയര്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. അഡ്‌ലെയ്ഡില്‍ ഇന്ത്യയെ തകര്‍ത്തെത്തിയ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ടാണ് പ്രോട്ടിയാസ് ഒന്നാമതെത്തിയത്.

കിങ്‌സ്മീഡില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 233 റണ്‍സിന് വിജയിച്ച സൗത്ത് ആഫ്രിക്ക സെന്റ് ജോര്‍ജ്‌സ് ഓവലില്‍ 109 റണ്‍സിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ രണ്ടാം ടെസ്റ്റില്‍ കൈല്‍ വെരായ്‌നെ, റിയാന്‍ റിക്കല്‍ട്ടണ്‍, ക്യാപ്റ്റന്‍ തെംബ ബാവുമ എന്നിവരുടെ ബാറ്റിങ് പ്രകടനവും കേശവ് മഹാരാജ്, ഡെയ്ന്‍ പാറ്റേഴ്‌സണ്‍ എന്നിവരുടെ ബൗളിങ് പ്രകടനവുമാണ് ആതിഥേയര്‍ക്ക് മികച്ച വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ഫൈഫര്‍ ഉള്‍പ്പെടെ ഏഴ് വിക്കറ്റ് നേടിയ ഡെയ്ന്‍ പാറ്റേഴ്‌സണെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘എന്നെ ടീമിലുള്‍പ്പെടുത്തിയതില്‍ സംശയം പ്രകടിപ്പിച്ച എല്ലാ വിരോധികള്‍ക്കും നമസ്‌കാരം. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്. എന്റെ സെലക്ഷനില്‍  നെഗറ്റീവ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

ഈ ദിവസത്തിന്റെ അവസാനമെത്തി നില്‍ക്കുമ്പോള്‍ ഒന്നും നിങ്ങളെ കുറിച്ചല്ല, അത് ഈ ടീമിനെ കുറിച്ചാണ്,’ പാറ്റേഴ്‌സണ്‍ കുറിച്ചു.

ഇതിനൊപ്പം പോപ്പിങ് ക്രീസ് എസ്.എ എന്ന അക്കൗണ്ടിനെ താരം വിമര്‍ശിക്കുകയും ചെയ്തു. തനിക്കെതിരെ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്റെ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റ്‌സ് പരിശോധിക്കാനാണ് താരം ആവശ്യപ്പെട്ടത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ജെറാള്‍ഡ് കോട്‌സിയക്ക് പകരമായാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ഇതിന് മുമ്പ് മൂന്ന് മത്സരങ്ങളാണ് താരം കളിച്ചിരുന്നത്. ന്യൂസിലാന്‍ഡിനെതിരെ രണ്ട് ടെസ്റ്റും ബംഗ്ലാദേശിനെതിരെ ഒന്നും. 2020ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച 325കാരന്റെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം അടയാളപ്പെടുത്തപ്പെട്ടു.

താരത്തിന്റെ ആദ്യ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാര നേട്ടമാണിത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പ്രോട്ടിയാസും

ഈ വിജയത്തിന് പിന്നാലെ ഒന്നാമതെത്തിയ സൗത്ത് ആഫ്രിക്കക്ക് രണ്ട് മത്സരങ്ങളാണ് ഈ സൈക്കിളില്‍ ബാക്കിയുള്ളത്. പാകിസ്ഥാനെതിരെ സ്വന്തം തട്ടകത്തിലും എതിരാളികളുടെ മണ്ണിലുമായി രണ്ട് വണ്‍ ഓഫ് ടെസ്റ്റുകള്‍ പ്രോട്ടിയാസ് കളിക്കും.

പത്ത് മത്സരത്തില്‍ നിന്നും 76 പോയിന്റുമായി ഒന്നാമതുള്ള സൗത്ത് ആഫ്രിക്ക പാകിസ്ഥാനെതിരെ രണ്ട് മത്സരത്തിലും വിജയിച്ചാല്‍ 24 പോയിന്റ് കൂടി ടോട്ടലിലേക്ക് ചേര്‍ക്കപ്പെടുകയും, പോയിന്റ് 100 ആയി മാറുകയും ചെയ്യും. പോയിന്റ് ശതമാനമാകട്ടെ 69.44 ആയും ഉയരും.

പാകിസ്ഥാനെതിരെ ഒരു കളിയില്‍ വിജയിച്ചാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാനും പ്രോട്ടിയാസിന് സാധിക്കും.

അതേസമയം, പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനം ഇന്ന് ആരംഭിക്കുകയാണ്. വൈറ്റ് ബോള്‍ സീരീസിലെ ടി-20 പരമ്പരയാണ് ആദ്യം. മൂന്ന് ടി-20കളും അത്ര തന്നെ ഏകദിനവുമാണ് പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുക.

ഡിസംബര്‍ 26നാണ് ആരാധകര്‍ കാത്തിരിക്കുന്ന ടെസ്റ്റ് മത്സരം. സെഞ്ചൂറിയനാണ് വേദി. ശേഷം ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ്. ന്യൂലാന്‍ഡ്‌സാണ് വേദി.

Content Highlight: SA vs SL: Dane Paterson’s social media post after winning player of the match award goes viral

Video Stories