|

ബുംറയ്ക്കും സ്റ്റാര്‍ക്കിനും ആന്‍ഡേഴ്‌സണുമൊപ്പം ലിസ്റ്റില്‍ ഇടം നേടി ബാബര്‍; ഒരിക്കലും ആഗ്രഹിക്കാത്തത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ബോക്‌സിങ് ഡേ ടെസ്റ്റ് സെഞ്ചൂറിയനില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 88 എന്ന നിലയിലാണ് സന്ദര്‍ശകര്‍. രണ്ട് റണ്‍സിന് മാത്രമാണ് പാകിസ്ഥാന്‍ പിന്നിലുള്ളത്. 34 പന്തില്‍ 16 റണ്‍സുമായി ബാബര്‍ അസവും എട്ട് പന്തില്‍ എട്ട് റണ്‍സുമായി ഷാന്‍ മസൂദുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ ബാബര്‍ അസം അമ്പേ പരാജയപ്പെട്ടിരുന്നു. വെറും നാല് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ആകെ നേടിയത് നാല് റണ്‍സാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ 4000 റണ്‍ മാര്‍ക് പിന്നിടാന്‍ ബാബറിന് സാധിച്ചിരുന്നു.

തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ തുടരുന്ന ബാബര്‍ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നുണ്ട്. താരത്തിന്റെ മോശം പ്രകടനത്തിന്റെ തോത് വ്യക്തമാക്കുന്ന ലിസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

2023 മുതല്‍ 50+ സ്‌കോര്‍ നേടാതെ 18 ഇന്നിങ്‌സുകളാണ് ബാബര്‍ അവസാനിപ്പിച്ചത്. 2023 മുതല്‍ ഒറ്റ 50+ സ്‌കോര്‍ പോലുമില്ലാത്ത താരങ്ങളുടെ ലിസ്റ്റില്‍ എട്ടാമനാണ് ബാബര്‍. പട്ടികയിലെ മറ്റെല്ലാവരും തന്നെ പ്യുവര്‍ ബൗളര്‍മാരാണ് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

50+ സ്‌കോര്‍ ഇല്ലാതെ ഏറ്റവുമധികം ഇന്നിങ്‌സുകള്‍ (2023 മുതല്‍)

(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

മിച്ചല്‍ സ്റ്റാര്‍ക് – 27

നഥാന്‍ ലിയോണ്‍ – 25

പ്രഭാത് ജയസൂര്യ – 24

മുഹമ്മദ് സിറാജ് – 24

ഷോയ്ബ് ബഷീര്‍ – 23

അല്‍സാരി ജോസഫ് – 22

തൈജുല്‍ ഇസ്‌ലാം – 20

ജസ്പ്രീത് ബുംറ – 19

അസിത ഫെര്‍ണാണ്ടോ – 19

ബാബര്‍ അസം – 18

ജോഷ് ഹെയ്‌സല്‍വുഡ് – 18

വില്‍ ഒ റൂര്‍ക് – 18

ജെയിംസ് ആന്‍ഡേഴ്‌സണ്‍ – 17

2022 ഡിസംബര്‍ 17നാണ് ബാബര്‍ അവസാനമായി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരെ സ്വന്തം തട്ടകമായ കറാച്ചിയില്‍ നേടിയ 54 റണ്‍സാണ് താരത്തിന്റെ അവസാന അര്‍ധ സെഞ്ച്വറി.

അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 211 റണ്‍സിന് പുറത്തായിരുന്നു.

സൂപ്പര്‍ താരം കമ്രാന്‍ ഗുലാമിന്റെ അര്‍ധ സെഞ്ച്വറിയാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 71 പന്ത് നേരിട്ട താരം 54 റണ്‍സ് നേടി മടങ്ങി. ആമിര്‍ ജമാല്‍ (27 പന്തില്‍ 28 റണ്‍സ്), മുഹമ്മദ് റിസ്വാന്‍ (62 പന്തില്‍ 27) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

സൂപ്പര്‍ സ്പിന്നര്‍ ഡെയ്ന്‍ പാറ്റേഴ്സണാണ് പാകിസ്ഥാനെ പിടിച്ചുകെട്ടിയത്. ബാബര്‍ അസമിന്റേതടക്കം അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റുമായി തന്റെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ മാര്‍കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും കഗീസോ റബാദ കാര്യമായി റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞു.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 301 റണ്‍സ് നേടി. ഏയ്ഡന്‍ മര്‍ക്രമിന്റെയും കോര്‍ബിന്‍ ബോഷിന്റെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ലീഡ് നേടിയത്. മര്‍ക്രംം 144 പന്തില്‍ 89 റണ്‍സ് നേടി പുറത്തായപ്പോള്‍ 93 പന്തില്‍ പുറത്താകാതെ 81 റണ്‍സാണ് ബോഷ് നേടിയത്.

ക്യാപ്റ്റന്‍ തെംബ ബാവുമ (74 പന്തില്‍ 31), ഡേവിഡ് ബെഡ്ഡിങ്ഹാം (33 പന്തില്‍ 30) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പാകിസ്ഥാനായി ഖുറാം ഷഹസാദും നസീം ഷായും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ആമിര്‍ ജമാല്‍ രണ്ട് വിക്കറ്റും നേടി. സയീം അയ്യൂബ്, മുഹമ്മദ് അബ്ബാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി പ്രോട്ടിയാസിനെ ഓള്‍ ഔട്ടാക്കി.

Content highlight: SA vs PAK: Babar Azam’s poor form continues

Latest Stories

Video Stories