ഇന്ത്യയോട് ജയിച്ച പോലെ ഫൈനല്‍ എളുപ്പമാകില്ല, അവര്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ 615 അടിച്ചെടുത്തവരാണ്
Sports News
ഇന്ത്യയോട് ജയിച്ച പോലെ ഫൈനല്‍ എളുപ്പമാകില്ല, അവര്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ 615 അടിച്ചെടുത്തവരാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th January 2025, 11:05 am

 

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് വിജയിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും യോഗ്യത നേടിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയെയാണ് ഓസീസിന് കലാശപ്പോരാട്ടത്തില്‍ നേരിടാനുള്ളത്.

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ വണ്‍ ഓഫ് ടെസ്റ്റ് വിജയിച്ചതിന് പിന്നാലെയാണ് പ്രോട്ടിയാസ് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു തെംബ ബാവുമയുടെയും സംഘത്തിന്റെയും വിജയം. ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

അതേസമയം, നിലവില്‍ സൗത്ത് ആഫ്രിക്ക 2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ അവസാന മത്സരം കളിക്കുകയാണ്. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാനെ തന്നെയാണ് പ്രോട്ടിയാസ് നേരിടുന്നത്. സൈക്കിളിലെ അവസാന മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കാനാണ് ഹോം ടീം ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക 615 റണ്‍സിന്റെ പടുകൂറ്റന്‍ ആദ്യ ഇന്നിങ്‌സ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും റിയാന്‍ റിക്കല്‍ടണും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്സിന് തുടക്കമിട്ടത്. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ മര്‍ക്രമിനെ പുറത്താക്കി ഖുറാം ഷഹസാദ് പാകിസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. 40 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ വിയാന്‍ മുള്‍ഡര്‍ 18 പന്തില്‍ അഞ്ച് റണ്‍സുമായി പുറത്തായപ്പോള്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ ട്രിസ്റ്റണ്‍ സ്റ്റബ്സും മടങ്ങി.

ശേഷം അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ തെംബ ബാവുമയെ ഒപ്പം കൂട്ടി റിക്കല്‍ടണ്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 235 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ആദ്യ ദിനം ചായക്ക് പിരിയും മുമ്പ് തന്നെ റിക്കല്‍ടണ്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കവെ സല്‍മാന്‍ അലി ആഘയുടെ പന്തില്‍ ഫോറടിച്ചാണ് റിക്കല്‍ടണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. പിന്നാലെ നായകന്‍ തെംബ ബാവുമ കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കി.

ബാവുമയ്ക്ക് പിന്നാലെ അഞ്ച് റണ്‍സടിച്ച ഡേവിഡ് ബെഡ്ഡിങ്ഹാമിന്റൈ വിക്കറ്റ് വളരെ പെട്ടെന്ന് പ്രോട്ടിയാസിന് നഷ്ടമായി.

പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ കൈല്‍ വെരായ്‌നെയുടെ പിന്തുണ ലഭിച്ചതോടെ റിക്കല്‍ട്ടണ്‍ കൂടുതല്‍ ആവേശത്തോടെ ബാറ്റ് വീശി. ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നഷ്ടപ്പെടാതെ കാത്തത്.

ടീം സ്‌കോര്‍ 471ല്‍ നില്‍ക്കവെ നൂറ് റണ്‍സ് നേടിയ വെരായ്‌നെയെ സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായി. എട്ടാം നമ്പറിലെത്തിയ മാര്‍കോ യാന്‍സെന്‍ ബാറ്റിങ് തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. അര്‍ധ സെഞ്ച്വറി നേടിയാണ് യാന്‍സെന്‍ തിളങ്ങിയത്.

ഇതിനിടെ റിക്കല്‍ടണിന്റെ വിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് താരം തിരിച്ചുനടന്നത്. 343 പന്ത് നേരിട്ട റിക്കല്‍ടണ്‍ 259 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. 29 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

റിക്കല്‍ടണ്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ കേശവ് മഹാരാജും പാകിസ്ഥാന്‍ ബൗളിങ് നിരയെ ഞെട്ടിച്ചു. മാര്‍കോ യാന്‍സെനുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ലെങ്കിലും താരം തന്റെ റോള്‍ അതിഗംഭീരമാക്കി.

യാന്‍സെന്‍ 64 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 40 റണ്‍സുമായാണ് മഹാരാജ് തിളങ്ങിയത്.

ഒടുവില്‍ 615 റണ്‍സിന് പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പാകിസ്ഥാനായി മുഹമ്മദ് അബ്ബാസും സല്‍മാന്‍ അലി ആഘയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ മിര്‍ ഹംസയും ഖുറാം ഷഹസാദും രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ്.

ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ രണ്ട് റണ്‍സിന് മടക്കിയ റബാദ സൗദ് ഷക്കീലിനെ പൂജ്യത്തിനും പുറത്താക്കി. സൂപ്പര്‍ താരം കമ്രാന്‍ ഗുലാമിനെ മാര്‍കോ യാന്‍സനാണ് മടക്കിയത്. 12 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ താരത്തിന്റെ സമ്പാദ്യം.

77 പന്തില്‍ 31 റണ്‍സുമായി ബാബര്‍ അസവും 28 പന്തില്‍ ഒമ്പത് റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

 

Content Highlight: SA vs PAK: 2nd One Off Test: Day 2 Updates