| Saturday, 7th May 2022, 2:17 pm

അത് തെറ്റാണെന്ന് പറഞ്ഞാല്‍ വിജയ്‌ടെ ഒരു ആക്ഷനുണ്ട്, ഈ വിഷയത്തില്‍ ഇനി ഒരു സംസാരം വേണ്ടെന്നാണ് അതിന്റെ അര്‍ത്ഥം: എസ്.എ. ചന്ദ്രശേഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളിലൊരാളാണ് വിജയ്. കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ ഫാന്‍ബേസാണ് വിജയ്ക്കുള്ളത്.

സംവിധായകന്‍ കൂടിയായ അച്ഛന്‍ എസ്.എ ചന്ദ്രശേഖരന്റെ വെട്രി എന്ന ചിത്രത്തിലൂടെയാണ് വിജയ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മകന്റെ നല്ല സിനിമകളില്‍ താന്‍ അഭിനന്ദനം അറിയിക്കാറില്ലെന്നും എന്നാല്‍ ചെറിയ തെറ്റുകള്‍ കണ്ടാല്‍ അത് വലുതാക്കി പറയാറുണ്ടെന്നും ചന്ദ്രശേഖര്‍ പറയുന്നു. ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിജയെ പറ്റി സംസാരിച്ചത്.

‘എനിക്കൊരു കാര്യം ശരിയല്ല എന്ന് തോന്നുകയാണെങ്കില്‍ ഞാനത് നേരെ പോയി വിജയോട് പറയാറുണ്ട്. ഞാന്‍ ശരിയല്ല എന്ന് പറയുമ്പള്‍ അവന് ഞാന്‍ അത് പറയുന്നതാണ് ശരിയായി തോന്നാത്തത്. ഇപ്പോള്‍ തന്നെ ഞാന്‍ അഭിമുഖം നല്‍കിക്കൊണ്ടിരിക്കുന്നത് വിജയ് കാണുന്നുണ്ടാവും. അവന് ഇഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യം ഞാന്‍ പറയുകയാണെങ്കില്‍ ഉടന്‍ തന്നെ അമ്മയോട് ഇതിനെ പറ്റി സംസാരിക്കും,’ ചന്ദ്രശേഖര്‍ പറഞ്ഞു.

‘എന്റെ മകന്‍ ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം ഞാന്‍ അഭിനന്ദനം അറിയിക്കാറില്ല. അത് എന്റെയൊരു ബാഡ് ഹാബിറ്റാണ്. എന്നാല്‍ ചെറിയ തെറ്റ് ചെയ്താല്‍ വലുതാക്കി പറയും. കൂടെയുള്ളവരെല്ലാം സൂപ്പര്‍ ആണെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഞാന്‍ പോയി എന്തെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ നെറ്റിയില്‍ കുറച്ച് നേരം കൈ കുത്തിയിരുന്നിട്ട്, വേറെ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം അടുത്ത വിഷയമെന്തെങ്കിലുമുണ്ടെങ്കില്‍ പറയാനാണ്. ഈ വിഷയത്തെ പറ്റി ഇനി ഒരു സംസാരം വേണ്ടെന്ന്.

എന്നാല്‍ ഇതറിഞ്ഞാല്‍ അവന്റെ അമ്മ എന്നെ വഴക്ക് പറയും. എല്ലാവരും നല്ലത് പറയുന്നു, നിങ്ങള്‍ മാത്രം എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കും. നിങ്ങളുടെ കണ്ണ് ശരിയല്ല എന്ന് പറയും,’ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Conteng Highlight: sa chandrasekhar says if he talk about a mistake vijay would say there is no need to talk about it anymore

We use cookies to give you the best possible experience. Learn more