കോഴിക്കോട്: ഇസ്‌ലാം ഭീതി വളര്‍ത്തി ജനങ്ങളെ സാമുദായികമായി പിളര്‍ത്താനും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്കരുതെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര, കേരളാ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമല്ല അതിന് സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ല 32,000 മലയാളി യുവതികളെ ഇസ്‌ലാമിലേക്ക് മതം മാറ്റി ഐ.എസ്.ഐ.എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്.
ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത് എന്ന ആരോപണം കൂടിയാണ് അടിസ്ഥാനപരമായി സിനിമ ഉന്നയിക്കുന്നത്. സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രചാരണം രാജ്യവിരുദ്ധ ശക്തികള്‍ക്കാണ് ഊര്‍ജം പകരുക. അത്തരം ഇന്ത്യാവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന വിധ്വസക ശക്തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിര്‍മിച്ചത് എന്ന് കേന്ദ്രം അന്വേഷിക്കണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.
ഈ സിനിമ രാജ്യത്തെ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സംശയമുനയില്‍ നിര്‍ത്തുകയാണ്. അവര്‍ പ്രണയ ചാപല്യങ്ങളില്‍പ്പ്ട്ട് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ സന്നദ്ധമായി നില്‍ക്കുകയാണ് എന്ന് ധ്വനിപ്പിക്കുന്നത് അവരുടെ ബൗദ്ധികനിലവാരത്തെയും വിദ്യാഭ്യാസമികവിനെയും അപഹസിക്കുന്ന നടപടിയാണ്. രണ്ട് പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കരുതെന്നും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ഒരു സ്‌ക്രീനും ഇത് പ്രദര്‍ശിപ്പിക്കാതിരിക്കാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം ഇത് പ്രചരിപ്പിക്കാതിരിക്കാനുമുള്ള നടപടികള്‍ കേന്ദ്രം കൈക്കൊള്ളണം. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും എസ്.വൈ .എസ് ആവശ്യപ്പെട്ടു.
Content Highlight: S.Y.S says Government Do not give permission to show in theatres