ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിൽ പ്രതികരിച്ച് മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
national news
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിൽ പ്രതികരിച്ച് മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 11:06 am

കോഴിക്കോട്: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറൈഷി. ഇടക്കിടെ തെരഞ്ഞെടുപ്പ് നടക്കുന്നതിലാണ് ജനങ്ങൾക്ക് താത്പര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയം പ്രാബല്യത്തിൽ വന്നാൽ രാഷ്ട്രീയക്കാർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയില്ലെന്നും അത് ജനങ്ങൾക്കറിയാമെന്നും കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യാസ് എക്സ്പിരിമെന്റ് വിത് ഡെമോക്രസി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എസ്.വൈ ഖുറൈഷി.

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിനുള്ള പുതിയ നയങ്ങൾ താൻ നിയമിതനായ കാലത്തുണ്ടായിരുന്നെങ്കിൽ നന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്നെ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ആണ് നിയമിച്ചത്.

പുതിയ നയം വഴി തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിൽ പ്രതിപക്ഷ പാർട്ടി നേതാവിന്റെ അഭിപ്രായം തേടാനാവുന്നത് മികച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ്. ആയതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമയത്ത് പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായത്തിന് വിലകൊടുക്കുന്നത് ജനാധിപത്യത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ത്യയിൽ നിലവിൽ നടപ്പാക്കാൻ പോകുന്ന ഈ നയത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും അദ്ദേഹം നിർദ്ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രിയും പിന്നെ പ്രതിപക്ഷ നേതാവുമാണ് ഈ കൊളീജിയത്തിൽ ഉണ്ടാവുക. അങ്ങനെ വരുമ്പോൾ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് അവിടെ അർത്ഥമില്ലാതാകുമെന്നും ഖുറൈഷി പറഞ്ഞു.

കൂടാതെ ഇലക്റ്ററൽ ബോണ്ടുകൾ രാഷ്ട്രീയപാർട്ടികളുടെ ഫണ്ടിങ്ങിന്റെ സുതാര്യത നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും ഇത് പലവിധത്തിലുള്ള സ്വാധീനങ്ങൾക്ക് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് ന്യൂനപക്ഷമായ മുസ്‌ലീങ്ങളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയപരമായ കാരണങ്ങളാൽ അവർ ആക്രമിക്കപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മുസ്‌ലീങ്ങൾക്ക് എതിരെ നടക്കുന്ന സാമ്പത്തിക ഉപരോധങ്ങളും ബഹിഷ്കരണങ്ങളും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ രാജ്യത്തെ പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കാമെന്നും ഖുറൈഷി പറഞ്ഞു.

Content Highlights: S Y Quraishi reacted on ‘One Nation One Election’