പാറ്റ്‌ന: എസ്. സുധാകര്‍ റെഡ്ഡിയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നാലു തവണ സി.പി.ഐ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തിച്ച എ.ബി.ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇത്. പാറ്റ്‌നയില്‍ നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
138 അംഗ ദേശീയ കൗണ്‍സിലിനെയും തിരഞ്ഞെടുത്തു. ഇതില്‍ പതിനാല് പേര്‍ മലയാളികളാണ്. ദേശീയ കൗണ്‍സില്‍ യോഗം ഒമ്പതംഗ ദേശീയ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും പന്ന്യന്‍ രവീന്ദ്രനാണ് സെക്രട്ടറിയേറ്റില്‍ അംഗത്വം നേടിയത്.
കെ.ഇ.ഇസ്മയിലും കാനം രാജേന്ദ്രനും ആണ് ദേശീയ എക്‌സിക്യുട്ടീവിലെ പുതിയ അംഗങ്ങള്‍.
ആന്ധാപ്രദേശിലെ നല്‍ഗൊണ്ട പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ നിന്ന് 1998, 2004 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായ എസ്. സുധാകര്‍ റെഡ്ഡി ഇതുവരെ സിപിഐ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം വഹിക്കുകയായിരുന്നു. 1942 മാര്‍ച്ച് 25നു ജനിച്ച ഇദ്ദേഹം കുര്‍ണൂല്‍ ഒസ്മാനിയ കോളജില്‍ നിന്ന് ഹിസ്റ്ററി, ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്നിവയില്‍ ബിഎയും ഒസ്മാനിയ യൂണിവേഴ്‌സിറ്റി ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
വെളിയം ഭാര്‍ഗവന്‍, സി.ദിവാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, കെ.ആര്‍.ചന്ദ്രമോഹന്‍, സത്യന്‍ മൊകേരി, സി.എന്‍.ചന്ദ്രന്‍, പി.സോമസുന്ദരം, കമലാ സദാനന്ദന്‍, ആനി രാജ, പി.സന്തോഷ്‌കുമാര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലെ മലയാളികളായ അംഗങ്ങള്‍. ബിനോയ് വിശ്വവും ചിഞ്ചുറാണിയും കെ.രാജനുമാണ് ദേശീയ കൗണ്‍സിലിലെ പുതിയ അംഗങ്ങള്‍. സി.എ.കുര്യന്‍ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി തുടരും.