| Saturday, 29th October 2022, 10:49 pm

കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തിയ വാമനനാണ് ഗവര്‍ണര്‍; ജാഗ്രത മാത്രം പോര, ഭയപ്പെടുക തന്നെ വേണം: എസ്. സുദീപ് എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തിയ വാമനനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് മുന്‍ ജഡ്ജ് എസ്. സുദീപ്. മിഷന്‍ 2024ന്റെ കേരളത്തിലെ ചുമതല സംഘപരിവാര്‍ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത് ഗവര്‍ണറെയാണെന്നും സുദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ്. സുദീപിന്റെ പ്രതികരണം.

മിഷന്‍ 2024ന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിനെ ചെന്നു കണ്ടത്. ഗവര്‍ണര്‍ നിരന്തരം നടത്തുന്ന ദല്‍ഹി യാത്രകളും അതിന്റെ ഭാഗമാണ്.
2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ലക്ഷ്യമിട്ടതും അധികാരത്തിലെത്താന്‍ അവരെ സഹായിച്ചതും ഉത്തരേന്ത്യയായിരുന്നു.

അടുത്ത തവണ ഉത്തരേന്ത്യയില്‍ സീറ്റ് കുറയുമെന്ന ഭീതിയില്‍ 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വടക്കു-കിഴക്കന്‍ ഇന്ത്യ ലക്ഷ്യമിട്ടു. അധികാരം നിലനിര്‍ത്തി.
ഇത്തവണ മറ്റ് പലയിടത്തും സീറ്റ് കുറയുമെന്നുകണ്ട് ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത് തെന്നിന്ത്യയാണെന്നും സുദീപ് പറഞ്ഞു.

അതിനുള്ള തീരുമാനം ഏതാനും മാസം മുമ്പേ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം എടുത്തിരുന്നു. കര്‍ണാടകത്തില്‍ ബി.ജെ.പി ശക്തമാണ്. തമിഴ്‌നാട്ടിലും തെലങ്കാനയിലും വളര്‍ച്ചയുടെ പാതയിലും. കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച താഴോട്ടാണ്. ഗ്രൂപ്പ് നേതാക്കളുടെ കീശയുടെ വളര്‍ച്ചയ്ക്കു യാതൊരു കുറവുമില്ല താനും.
എത്ര കാലമാണ് സുരേന്ദ്രന്‍, മുരളി, കൃഷ്ണദാസ് പ്രഭൃതികള്‍ക്ക് കേന്ദ്ര നേതൃത്വത്തെ ഇങ്ങനെ പറ്റിച്ചു മുന്നോട്ടു(!) പോകാന്‍ കഴിയുക?
കേന്ദ്ര നേതൃത്വം ഇതൊക്കെ തിരിച്ചറിയുന്നുണ്ട്.

ആ തിരിച്ചറിവിന്റെ ഭാഗമായാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഗവര്‍ണറെ ഇറക്കി കളിക്കുന്നത്.
മിഷന്‍ 2024 എന്ന ക്വട്ടേഷന്‍ സംഘപരിവാര്‍ ഏല്‍പിച്ചിരിക്കുന്നത് ഗവര്‍ണറെയാണ്.

ആ ക്വട്ടേഷന്‍ ജോലിയുടെ ഭാഗമായാണ് ഗവര്‍ണര്‍ ആര്‍.എസ്.എസ് മേധാവിയെ ചെന്നു കണ്ടത്. ഗവര്‍ണര്‍ നിരന്തരം നടത്തുന്ന ദല്‍ഹി/ വടക്കേ ഇന്ത്യന്‍ യാത്രകളും അതിന്റെ ഭാഗം തന്നെ.
സുരേന്ദ്രനും മുരളിയും കുമ്മനവും സുരേഷ് ഗോപിയും വാര്യരുമൊക്കെ എന്തു പറഞ്ഞാലും അതൊക്കെ കോമഡിയായി മാറുന്ന ഒരു നാടാണിത്.

മലയാളിയായ കുമ്മനം ഗവര്‍ണറായെന്ന വാര്‍ത്ത കാണിച്ചതു പോലും ഇതു ട്രോളല്ല എന്ന തലക്കെട്ടോടെ കാണിച്ച നാട്. അത്തരമൊരു നാട്ടില്‍ മറുനാട്ടുകാരനായ ഗവര്‍ണറുടെ ഭരണഘടനാ പദവിയുടെ, ചാന്‍സലര്‍ പദത്തിന്റെ പരിവേഷങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെയും ചില സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളുടെയും മാടമ്പിമാരുടെയുമൊക്കെ തണലില്‍ ദുരുപയോഗപ്പെടുത്തുക എന്ന വളഞ്ഞ വഴിയാണ് സംഘപരിവാര്‍ ഗവര്‍ണറിലൂടെ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഗവര്‍ണറെ ജനം തെരഞ്ഞെടുത്തതല്ലെന്നും ഗവര്‍ണര്‍ക്ക് ജനത്തിനോടു യാതൊരു ഉത്തരവാദിത്വവുമില്ലെന്നുമിരിക്കെ അയാള്‍ക്ക് എത്ര നികൃഷ്ടമായ രാഷ്ട്രീയക്കളിയും കളിക്കാമെന്നതാണ് അയാളുടെ നേട്ടം.

ഗവര്‍ണറുടെ കൂറു മുഴുവനും സംഘപരിവാറിനോടു മാത്രമാണ്.
സംഘപരിവാര്‍ നിശ്ചയിച്ച കൃത്യമായ അജണ്ടയ്ക്ക് അനുസൃതമായി മാത്രമാണ് അയാള്‍ കളിക്കുന്നത്.
സംഘപരിവാര്‍ അജണ്ട ഗവര്‍ണറില്‍ മാത്രമായി ഒതുങ്ങുന്നില്ല.
കേരള ബിജെപി പുതിയ നേതാക്കളെ കൊണ്ടുവരാത്തതില്‍ മോദി ഏതാനും നാള്‍ മുമ്പ് കേരള നേതാക്കളുടെ യോഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാത്തതിലല്ല. മറ്റു കക്ഷികളില്‍ നിന്നു പൊക്കിയെടുത്തു കൊണ്ടുവരാത്തതില്‍.

പാര്‍ലമെന്ററി അനുഭവ പരിചയമുള്ള ഒരുത്തന്‍ പോലുമില്ലാത്ത ഒരു പാര്‍ട്ടിയെ കേരളം 2026 – ലോ 2031-ലോ മുഖ്യപ്രതിപക്ഷമായിപ്പോലും തെരഞ്ഞെടുക്കുകയില്ലല്ലോ.
കോണ്‍ഗ്രസിലെ സംഘപരിവാര്‍ ആരാധകരായ ചില നികൃഷ്ട ജീവികളെയാണ് മോദിയും സംഘപരിവാറും ഉന്നമിടുന്നത്.

ആ നികൃഷ്ടജീവികളാണ് ഗവര്‍ണറെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിനെ തീര്‍ത്തും അപ്രസക്തമാക്കി ബി.ജെ.പിയെ വെള്ളിവെളിച്ചത്തിലേയ്ക്കും 2024-ല്‍ പാര്‍ലമെന്റിലേയ്ക്കും എത്തിക്കുക എന്നതാണ് സംഘപരിവാര്‍-ഗവര്‍ണര്‍- ഗവര്‍ണര്‍ അനുകൂലികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരടങ്ങുന്ന ടീമിന്റെ അജണ്ട.

ഗവര്‍ണറെ അനുകൂലിച്ചു നിങ്ങള്‍ പറയുന്ന ഓരോ വാക്കും ഭരണഘടനയുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാണ്.
കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലും.
ഭരണഘടനാ/ജനാധിപത്യ വിരുദ്ധനായ ഗവര്‍ണറെ നിങ്ങള്‍ ശബ്ദത്താലോ നിശബ്ദതയാലോ ഇന്ന് അനുകൂലിച്ചാല്‍ നാളെ കേരളം അതിനു വലിയ വില കൊടുക്കേണ്ടിവരും.
കോണ്‍ഗ്രസ് അപ്രസക്തമാകും.
ലീഗ് വഴിയാധാരമാകും.

ബി.ജെ.പി നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ മുഖ്യ പ്രതിപക്ഷമാകും.
കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അതില്‍ തരിമ്പും മനസ്താപം കാണില്ല. അവര്‍ക്കു കൂടണയാന്‍ ബി.ജെ.പി കൂടൊരുക്കും.
മതേതരവാദികളായി ശേഷിക്കുന്ന കോണ്‍ഗ്രസ് അണികള്‍ എന്തു ചെയ്യും?
അവര്‍ക്ക് ഇടതുമുന്നണിയിലേയ്ക്കു സ്വാഗതം ആശംസിക്കാം.

പക്ഷേ അപ്പോള്‍ ഇല്ലാതാകുന്നത് മതേതരമായ ഒരു പ്രതിപക്ഷമായിരിക്കും.
ഗവര്‍ണര്‍ക്കും സംഘപരിവാറിനും വേണ്ടതും അതു തന്നെയാണ്.
ഗവര്‍ണര്‍ ആര്‍.എസ്.എസ് ഏജന്റല്ല.
ആര്‍.എസ്.എസ് തന്നെയാണ്.
ജാഗ്രത മാത്രം പോര. ഭയപ്പെടുക തന്നെ വേണം.
ഇല്ലെങ്കില്‍ പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ എന്ന പാട്ടില്‍ മാത്രം ഈ നാട് അവശേഷിക്കും.
ഗവര്‍ണര്‍ വാമനനാണ്.
കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തിയ വാമനന്‍,’ എസ്. സുദീപ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT: S. Sudeep writes The governor is Vamana who came to trample Kerala

We use cookies to give you the best possible experience. Learn more