| Monday, 5th July 2021, 5:41 pm

പരസ്യപ്രതികരണത്തിന് അച്ചടക്ക നടപടി നേരിട്ട സബ് ജഡ്ജി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ കോടതി വിധികളില്‍ പ്രതികരിച്ചതിനും വിമര്‍ശിച്ചതിനും അച്ചടക്ക നടപടി നേരിട്ട സബ് ജഡ്ജി രാജിവെച്ചു. പെരുമ്പാവൂര്‍ സബ് ജഡ്ജി എസ്. സുദീപാണ് ചീഫ് ജസ്റ്റിസിന് രാജി നല്‍കിയത്.

സുദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഹൈക്കോടതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എസ്. സുദീപിനെ പിരിച്ചുവിടാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തത്.

ഒന്നാം ശബരിമല വിധിയടക്കമുള്ള കോടതി വിധിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ജഡ്ജിക്കെതിരെ നടപടി.

ശബരിമല യുവതീ പ്രവേശന വിധിയടക്കമുള്ള സംഭവങ്ങളില്‍ വിവാദപരവും അതിലോലവുമായ കാര്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് സുദീപിനെതിരായ ആരോപണം.

ഫേസdബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ രാജിവച്ചു, ഇന്ന്. ഒറ്റവരിക്കത്തും നല്‍കി.
പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി.

എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി.
ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്‍, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്‌നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്‍, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം – നന്ദി.

രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്‍, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന്‍ സര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം – നന്ദി.

റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്‍…
ഏവര്‍ക്കും നന്ദി…

സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജ്യോതി…

ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി…
ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ…

അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ…

ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്…
മുന്നോട്ട്…

അഭിവാദ്യങ്ങള്‍.

എസ് സുദീപ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: S Sudeep Sub Judge Resign

We use cookies to give you the best possible experience. Learn more