| Monday, 28th February 2022, 11:23 am

യുദ്ധവും ക്ഷാമവുമില്ലാത്ത ഒരിടത്തെ എ.സി മുറിയിലിരുന്ന് ഏമ്പക്കം വിട്ടുകൊണ്ട് കറക്റ്റ്‌നെസ് അളക്കാന്‍ വളരെ എളുപ്പമാണ്, ഷവര്‍മ തിന്നുന്നത് അത്ര വലിയ കുറ്റമല്ല: എസ്. സുദീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉക്രൈനില്‍ യുദ്ധത്തിനിടയില്‍ ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയ മലയാളിക്കെതിരെ നടക്കുന്ന സൈബറാക്രമണത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ജസ്റ്റിസ് എസ്. സുദീപ്.

അയാള്‍ ഷവര്‍മ തിന്നത് ഒരു കുറ്റമൊന്നുമല്ലെന്നും വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും എസ്. സുദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വലതുപക്ഷ ഭീകരനായ നിരീക്ഷകന്‍ മുതല്‍ പുരോഗമന നാട്യക്കാര്‍ വരെ യുവാവിനെതിരെയുള്ള സൈബര്‍ യുദ്ധത്തില്‍ ഒറ്റക്കെട്ടാണെന്നും പോസ്റ്റില്‍ പറഞ്ഞു.

‘ആ മലയാളി യുവാവിന്റെ പെരുമാറ്റം തീര്‍ച്ചയായും പൊളിറ്റിക്കലി കറക്റ്റ് ഒന്നും ആയിരുന്നില്ല. അയാള്‍ ഉച്ചത്തില്‍ സംസാരിക്കുകയും ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട തദ്ദേശീയനോട് ക്ഷുഭിതനാകുകയും (തദ്ദേശീയന്റെ) തന്തയുടെ വകയൊന്നുമല്ല അയാള്‍ നില്‍ക്കുന്ന പൊതുസ്ഥലം എന്നൊക്കെ തന്നോടു ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മലയാളം ചാനല്‍ പ്രതിനിധിയോടു പ്രതികരിക്കുകയുമൊക്കെ ചെയ്തു.

അതിനു ശേഷമാണ് അയാള്‍ ഷവര്‍മ കഴിച്ചു കൊണ്ടു നടക്കുന്നതും സംസാരിക്കുന്നതും സൈനികരുടെ വീഡിയോ ചിത്രീകരിച്ചത് സൈനികര്‍ ചോദ്യം ചെയ്തതും താന്‍ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതും വര്‍ണ്ണിക്കുന്നതുമൊക്കെയായ അടുത്ത വീഡിയോ ദൃശ്യം.
അയാള്‍ക്ക് സൈബര്‍ ലോകം നല്‍കിയ പേരാണ് ഷഹീദ് ഷവര്‍മ,’ സുദീപ് പറയുന്നു.

അയാള്‍ ചത്തില്ലേയെന്ന് ചോദിക്കുകയും ചാവാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് മലയാളികളെന്നും അദ്ദേഹം പറഞ്ഞു.

‘അയാള്‍ ഷവര്‍മ തിന്നത് ഒരു കുറ്റമൊന്നുമല്ല. വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയം. ജീവിക്കാന്‍ വേണ്ടി തിന്നുന്നതാണ്. ഷവര്‍മ നിരോധിക്കപ്പെട്ടതോ നികൃഷ്ടമായതോ ആയ ഒന്നല്ല. യുദ്ധഭൂമിയിലും ക്ഷാമത്തിലുമൊക്കെ മനുഷ്യന്‍ സ്വന്തം വിസര്‍ജ്യം പോലും കഴിച്ചു പോകും. അവസ്ഥകളാണ്. പിന്നെ പൊളിറ്റിക്കലിയും മോറലിയും കറക്റ്റ് അല്ലാത്ത അയാളുടെ ഇതര പ്രതികരണങ്ങള്‍ തെറ്റു തന്നെയാണ്. യുദ്ധവും ക്ഷാമവുമില്ലാത്ത ഒരിടത്തെ എ.സി മുറിയിലിരുന്ന് ഏമ്പക്കം വിട്ടുകൊണ്ട് കറക്റ്റ്‌നെസ് അളക്കാന്‍ വളരെ എളുപ്പമാണ്,’ പോസ്റ്റില്‍ പറയുന്നു.

ആ യുവാവിനെക്കൊണ്ടു പൊതു ഇടത്തില്‍ സംസാരിപ്പിച്ചിരുന്ന മലയാളം ചാനല്‍ പ്രതിനിധികള്‍, തദ്ദേശീയന്‍ വന്നു ക്ഷുഭിതനാകുന്നതു കേള്‍ക്കുകയും കാണുകയും അതിന്റെ കാരണം ആ മലയാളി യുവാവില്‍ നിന്നു മനസിലാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടുപോലും ആ ചാനല്‍ സംഭാഷണം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ആരാന്റമ്മയെ പ്രാന്തു പിടിപ്പിക്കാന്‍ നല്ല രസമാണെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.

ഷഹീദ് എന്ന വാക്കാണ് വലതുപക്ഷ ഭീകരമാരെ പ്രകോപിപ്പിക്കുന്നത്. അവന്‍ ന്യൂനപക്ഷമാണെന്ന ചിന്തയില്‍ അവന്റെ മരണം കാംക്ഷിക്കുന്നവര്‍. അതില്‍ അറിഞ്ഞും അറിയാതെയും തലവച്ചു കൊടുക്കുന്ന കപട പുരോഗമന വാദികളും. ഇതാണ് ഇന്നത്തെ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: S Sudeep shares his opinion about Shaheed shawarma

We use cookies to give you the best possible experience. Learn more