കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിലെ കൂടുതല്‍ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കി മുന്‍ ജഡ്ജി എസ് സുദീപ്. അതിജീവിതയുടെ സഹോദരി പുത്രന്റെ ആദ്യ കുര്‍ബാനയുടെ വീഡിയോ ക്ലിപ്പിംഗുകളെ ആസ്പദമാക്കിയാണ് സുദീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോടതി വിധിയിലെ വൈരുദ്ധ്യങ്ങളും വിധിക്കെതിരെയുള്ള തന്റെ അമര്‍ഷവും ചൂണ്ടിക്കാണിക്കുന്നത്.
ബിഷപ് എന്നാല്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പിതാവ് എന്ന് മറ്റുള്ളവരാല്‍ വിളിക്കപ്പെടുന്നവനുമാണെന്ന് സുദീപ് പോസ്റ്റില്‍ പറയുന്നു.
‘സ്വന്തം പിതാവ് മകളെ പീഡിപ്പിച്ചിട്ടും, മകള്‍ പിതാവിനൊപ്പം തന്നെ തുടര്‍ന്നു താമസിച്ചതുകൊണ്ടും പിതാവിനൊപ്പം സഹോദരീപുത്രന്റെ ആദ്യകുര്‍ബാനയില്‍ പങ്കെടുത്തതുകൊണ്ടും അമ്മയോടടക്കം പീഡനവിവരം വെളിപ്പെടുത്താതിരുന്നതു കൊണ്ടും തന്റെ കൂട്ടുകാരോടൊക്കെ താന്‍ പിതാവിനൊപ്പം നിന്നാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്നു മാത്രം പറഞ്ഞതുകൊണ്ടും താന്‍ പീഡിപ്പിക്കപ്പെട്ടതായി അവരോടൊക്കെയും പറഞ്ഞു നടക്കാതിരുന്നതുകൊണ്ടും സ്വപിതാവിനെതിരെ പൊലീസ് പരാതി നല്‍കാന്‍ വൈകിയതുകൊണ്ടും നിങ്ങള്‍ അവളെ വിശ്വസിക്കാതിരിക്കുമോ?,’ അദ്ദേഹം ചോദിക്കുന്നു.
ആദ്യ കുര്‍ബാനയുടെ ചടങ്ങിനിടെ അതിജീവിത സങ്കടപ്പെട്ടിരിക്കുന്നതായി സമര്‍പ്പിച്ച വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് വ്യക്തമായതാണെന്നും എന്നാല്‍ അത് എന്ത് കാരണം കൊണ്ടാണെന്ന് കോടതി തന്നെ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും സുദീപ് പറയുന്നു.
‘സിസ്റ്റര്‍ എക്‌സിന്റെ സഹോദരീപുത്രന്റെ ആദ്യകുര്‍ബാന കുടുംബത്തിലെ ആഹ്ലാദഭരിതമായ ചടങ്ങാണെങ്കിലും, കുട്ടിയുടെ മരിച്ചു പോയ അച്ഛന്റെ ഓര്‍മ്മ തീര്‍ച്ചയായും എല്ലാവരെയും പിന്തുടര്‍ന്നിരിക്കാം.’
അതുകൊണ്ടാണ് സിസ്റ്റര്‍ എക്‌സ് കരഞ്ഞതെന്നും മ്ലാനവദനയായി കാണപ്പെട്ടതെന്നും എങ്ങനെയാണു കോടതി കണ്ടെത്തുക? എവിടെയാണ് ആ മനസറിയും യന്ത്രം?
കോടതി: (തൊട്ടടുത്ത വാചകത്തില്‍)
‘എല്ലാവരും ആഘോഷ മനോഭാവത്തില്‍ കൂടിയായിരുന്നു. അതുകൊണ്ട് സിസ്റ്റര്‍ എക്‌സിന്റെ ആഹ്ലാദഭരിതമായതോ മ്ലാനമായതോ ആയ മുഖത്തില്‍ നിന്ന്, അവളുടെ യഥാര്‍ത്ഥ മാനസിക വ്യാപാരങ്ങള്‍ എന്തായിരുന്നു എന്നു കണ്ടെത്താന്‍ കഴിയില്ല.’
പിന്നെന്തിനാണ് സിസ്റ്റര്‍ എക്‌സിനെ കോടതി മുമ്പാകെ വിസ്തരിക്കുന്നതും അവള്‍ മനസു തുറക്കുന്നതും?’ പോസ്റ്റില്‍ പറയുന്നു.
സിസ്റ്ററിനെ സംശയിക്കാനുള്ള കാരണമായി കോടതി പറയുന്നത്, പീഡിപ്പിക്കപ്പെട്ടു എന്ന പറയുന്ന സ്ത്രീ, പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആരോപിതനായ വ്യക്തിയോടൊപ്പം അടുത്തിടപഴകി എന്നതുകൊണ്ടാണെന്നും വിധിയില്‍ പറയുന്നു.
എന്നാല്‍, സിസ്റ്റര്‍ എക്‌സ് ആദ്യകുര്‍ബാനക്കിടയില്‍ പള്ളിക്കു പുറകില്‍ പോയി കരയുകയും മ്ലാനവദനയായി ചടങ്ങില്‍ പങ്കെടുത്തതുമൊക്കെ മുമ്പു പറഞ്ഞത് നീക്കിനിര്‍ത്തിയിട്ട്, ‘അടുത്തിടപഴകി’ എന്നു മാത്രം ഒരൊറ്റ വാചകത്തില്‍ പറഞ്ഞ്, സിസ്റ്റര്‍ എക്‌സിനെ സംശയിക്കാനുള്ള ആദ്യ കാരണമായി ചേര്‍ത്തിരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിലും അടിസ്ഥാനത്തിലുമാണെന്ന് സുദീപ് ചോദിക്കുന്നു.
പീഡനം നടന്നു എന്ന പറയുന്ന തീയ്യതികളില്‍ താന്‍ കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ വന്നിട്ടില്ല എന്ന ഫ്രാങ്കോ മുളക്കലിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും കോടതിയുടെ കണ്ണില്‍ ബിഷപ്പ് മാന്യനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.
സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുദീപിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ആദ്യ ബലാല്‍സംഗം ആരോപിക്കപ്പെടുന്ന തീയതിയുടെ പിറ്റേന്ന് സിസ്റ്റര്‍ എക്‌സിന്റെ സഹോദരീ പുത്രന്റെ ആദ്യകുര്‍ബാനയായിരുന്നു.
ആ ചടങ്ങിന്റെ വീഡിയോ ഹാജരാക്കിയത് പ്രതിയാണ് (എക്‌സിബിറ്റ് D7).
അതിലെ മൂന്നാമത്തെ വീഡിയോ ക്ലിപ്പില്‍, പള്ളിയുടെ പിന്നില്‍ വന്നിരുന്നു താന്‍ കരയുന്നതു കാണാമെന്ന് സിസ്റ്റര്‍ എക്‌സ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട് (ഖണ്ഡിക 317, വിധി).
കോടതി ആ ദൃശ്യം വിശദമായി പരിശോധിച്ചിട്ട് രേഖപ്പെടുത്തിയത് സിസ്റ്റര്‍ എക്‌സ് ആ ദൃശ്യത്തിന്റെ തുടക്കത്തില്‍ അത്യധികം മ്ലാനവദനയായിരുന്നു എന്നു തന്നെയാണ്.
ബിഷപ്പ് ഫ്രാങ്കോ ആയിരുന്നു ആദ്യ കുര്‍ബാന ചടങ്ങിന്റെ മുഖ്യ കാര്‍മ്മികന്‍ (Chief Priest).
സിസ്റ്റര്‍ എക്‌സിന്റെ കുടുംബത്തിലെ ഏറ്റവും ആഹ്ലാദഭരിതമായ ഒരു ദിനം തന്നെയാണ് സഹോദരിയുടെ കുഞ്ഞിന്റെ ആദ്യകുര്‍ബാന. ഫ്രാങ്കോയുടെ കാര്‍മ്മികത്വം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതും.
ബിഷപ്പ് ദൈവത്തിന്റെ പ്രതിപുരുഷനാണ്. പിതാവേ എന്നു മറ്റുള്ളവരാല്‍ വിളിക്കപ്പെടുന്നവന്‍.
കന്യാസ്ത്രീ കര്‍ത്താവിന്റെ തിരുമണവാട്ടി ആയവളാണ്. കുടുംബം പൂര്‍വാശ്രമം മാത്രമാണ്. ബന്ധങ്ങള്‍ അറ്റവള്‍. അവളുടെ കുടുംബം മഠമാണ്. കുറവിലങ്ങാട് മഠത്തിലെ അന്തേവാസിയാണ് സിസ്റ്റര്‍ എക്‌സ്. ആ മഠം ജലന്ധര്‍ രൂപതയുടെ കീഴിലാണ്. ആ രൂപതയുടെ പരമാധികാരിയാണ് അന്നത്തെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ.
ഇനി ഒരു മകളെ സ്വന്തം പിതാവ് (Biological father) സ്വന്തം വീട്ടില്‍ വച്ച് പതിമൂന്നു തവണ പീഡിപ്പിച്ചെന്നു കരുതുക.
സ്വന്തം പിതാവ് മകളെ പീഡിപ്പിച്ചിട്ടും, മകള്‍ പിതാവിനൊപ്പം തന്നെ തുടര്‍ന്നു താമസിച്ചതുകൊണ്ടും പിതാവിനൊപ്പം സഹോദരീപുത്രന്റെ ആദ്യകുര്‍ബാനയില്‍ പങ്കെടുത്തതുകൊണ്ടും അമ്മയോടടക്കം പീഡനവിവരം വെളിപ്പെടുത്താതിരുന്നതു കൊണ്ടും തന്റെ കൂട്ടുകാരോടൊക്കെ താന്‍ പിതാവിനൊപ്പം നിന്നാല്‍ താന്‍ പീഡിപ്പിക്കപ്പെടുമെന്നു മാത്രം പറഞ്ഞതുകൊണ്ടും താന്‍ പീഡിപ്പിക്കപ്പെട്ടതായി അവരോടൊക്കെയും പറഞ്ഞു നടക്കാതിരുന്നതുകൊണ്ടും സ്വപിതാവിനെതിരെ പൊലീസ് പരാതി നല്‍കാന്‍ വൈകിയതുകൊണ്ടും നിങ്ങള്‍ അവളെ വിശ്വസിക്കാതിരിക്കുമോ?
പീഡനത്തിന്റെ പിറ്റേന്ന് അവള്‍ സഹോദരീ പുത്രന്റെ ആദ്യകുര്‍ബാനയ്ക്കിടെ പള്ളിയുടെ പുറകില്‍ മാറിയിരുന്നു കരയുമ്പോള്‍, രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരീ ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ അവരെയൊക്കെ പിന്തുടര്‍ന്നിട്ടുണ്ടാവാം എന്നു പറഞ്ഞ് ആ കരച്ചിലിനെ നിങ്ങള്‍ അവഗണിക്കുമോ?
എങ്കില്‍ എനിക്കൊന്നും പറയാനില്ല.
അപ്രകാരമാണെങ്കില്‍ സ്വപിതാക്കന്മാരാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു മകള്‍ക്കും ഈ ലോകത്തു നീതി കിട്ടില്ല.
കോടതി:
(പേജ് 188, വിധി)
‘സിസ്റ്റര്‍ എക്‌സിന്റെ സഹോദരീപുത്രന്റെ ആദ്യകുര്‍ബാന കുടുംബത്തിലെ ആഹ്ലാദഭരിതമായ ചടങ്ങാണെങ്കിലും, കുട്ടിയുടെ മരിച്ചു പോയ അച്ഛന്റെ ഓര്‍മ്മ തീര്‍ച്ചയായും എല്ലാവരെയും പിന്തുടര്‍ന്നിരിക്കാം.’
അതുകൊണ്ടാണ് സിസ്റ്റര്‍ എക്‌സ് കരഞ്ഞതെന്നും മ്ലാനവദനയായി കാണപ്പെട്ടതെന്നും എങ്ങനെയാണു കോടതി കണ്ടെത്തുക? എവിടെയാണ് ആ മനസറിയും യന്ത്രം?
കോടതി:
(തൊട്ടടുത്ത വാചകത്തില്‍)
‘എല്ലാവരും ആഘോഷ മനോഭാവത്തില്‍ കൂടിയായിരുന്നു. അതുകൊണ്ട് സിസ്റ്റര്‍ എക്‌സിന്റെ ആഹ്ലാദഭരിതമായതോ മ്ലാനമായതോ ആയ മുഖത്തില്‍ നിന്ന്, അവളുടെ യഥാര്‍ത്ഥ മാനസിക വ്യാപാരങ്ങള്‍ എന്തായിരുന്നു എന്നു കണ്ടെത്താന്‍ കഴിയില്ല.’
പിന്നെന്തിനാണ് സിസ്റ്റര്‍ എക്‌സിനെ കോടതി മുമ്പാകെ വിസ്തരിക്കുന്നതും അവള്‍ മനസു തുറക്കുന്നതും?
കോടതി:
(തൊട്ടടുത്ത വാചകങ്ങളില്‍)
‘മുഖം മനസിന്റെ കണ്ണാടിയാവുകയും, നിശബ്ദയായിരിക്കെത്തന്നെയും നയനങ്ങള്‍ ആത്മരഹസ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്തിരുന്ന വിശുദ്ധ ജെറോമിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്നു മുഖം എന്നതു വികാരങ്ങളെ മറയ്ക്കാനുള്ള ഉപകരണമാണ്. മനുഷ്യന്‍ വികാരങ്ങളെ ഒളിപ്പിക്കാന്‍ വൈദഗ്ദ്ധ്യം നേടിയിരിക്കുന്നു. അതുകൊണ്ട് സിസ്റ്റര്‍ എക്‌സിന്റെ മുഖഭാവങ്ങളില്‍ നിന്ന് ഒരു തീരുമാനത്തിലും എത്തിച്ചേരാന്‍ കഴിയില്ല.’
ശരി. എങ്കില്‍ പിന്നെ വിധിയുടെ അവസാനഭാഗത്ത് പേജ് 239-ല്‍, സിസ്റ്റര്‍ എക്‌സിനെ സംശയിക്കാനായുള്ള ആദ്യകാരണമായി കോടതി താഴെ പറയും പ്രകാരം എഴുതി വച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?
‘എക്‌സിബിറ്റ് D7 വീഡിയോയില്‍ (ആദ്യകുര്‍ബാനയുടെ വീഡിയോ) നിന്ന്, ആരോപിക്കപ്പെട്ട പീഡനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ സിസ്റ്റര്‍ എക്‌സ് പ്രതിയുമായി അടുത്തിടപഴകി എന്നു കാണാവുന്നതാണ്.’
സിസ്റ്റര്‍ എക്‌സ് ആദ്യകുര്‍ബാനക്കിടയില്‍ പള്ളിക്കു പുറകില്‍ പോയി കരയുകയും മ്ലാനവദനയായി ചടങ്ങില്‍ പങ്കെടുത്തതുമൊക്കെ മുമ്പു പറഞ്ഞത് നീക്കിനിര്‍ത്തിയിട്ട്, ‘അടുത്തിടപഴകി’ എന്നു മാത്രം ഒരൊറ്റ വാചകത്തില്‍ പറഞ്ഞ്, സിസ്റ്റര്‍ എക്‌സിനെ സംശയിക്കാനുള്ള ആദ്യ കാരണമായി ചേര്‍ത്തിരിക്കുന്നത് എന്ത് ഉദ്ദേശ്യത്തിലും അടിസ്ഥാനത്തിലുമാണ്?
ഓര്‍ക്കുക, ദൈവത്തിന്റെ പ്രതിപുരുഷനായ, പിതൃതുല്യനായ ബിഷപ്പിന്റെ പൂര്‍ണ്ണ അധീനതയിലായിരുന്നു അവള്‍.
ആ പിതാവ് ആദ്യകുര്‍ബാനയുടെ തലേന്നു രാത്രിയും അന്നു രാത്രിയും കുറവിലങ്ങാട് കന്യാമഠത്തില്‍ വന്നു താമസിച്ചാണ് ആദ്യമായി തന്നെ ബലാല്‍സംഗം ചെയ്തതെന്നാണ് സിസ്റ്റര്‍ എക്‌സിന്റെ കേസ്.
ആ പറയുന്ന 5.5.2014, 6.5.2014 തീയതികളില്‍ താന്‍ അവിടെ വന്നു താമസിച്ചിട്ടേയില്ലെന്ന പച്ചക്കള്ളമാണ് ബിഷപ്പ് കോടതിയില്‍ പറഞ്ഞത്.
ബിഷപ്പ് അപ്പറഞ്ഞതു പച്ചക്കള്ളമാണെന്നു കോടതിയില്‍ തെളിയിക്കപ്പെട്ടു. അയാള്‍ ആ തീയതികളില്‍ ആ കന്യാമഠത്തില്‍ താമസിച്ചതായി സംശയലേശമന്യേ തെളിഞ്ഞതായി കോടതി കണ്ടെത്തി.
പക്ഷേ ബിഷപ്പ് മാന്യനാണ്.
പച്ചക്കള്ളം പറഞ്ഞ മാന്യനായ ബിഷപ്പിനെയാണു നിങ്ങള്‍ക്കു വിശ്വാസമെങ്കില്‍, ഹാ…
കര്‍ത്താവിനു വിധിക്കപ്പെട്ടതും കുരിശു തന്നെയായിരുന്നു.
ഫ്രാങ്കോമാര്‍ പനപോലെ വളര്‍ത്തപ്പെടുമെന്നോ, കര്‍ത്താവേ?
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: S Sudeep clarified further contradictions in the court verdict acquitting Fanko Mulakal.