|

സിന്ധു സൂര്യകുമാറിനെതിരെ അശ്ലീല പരാമര്‍ശം; മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്ക് പോസ്റ്റ് വഴി അധിക്ഷേപിച്ച കേസില്‍ മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ ഹാജരായി. ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ്ങ് എഡിറ്റര്‍ മനോജ് കെ. ദാസ് നല്‍കിയ പരാതിയിലാണ് ഇദ്ദേഹം തിരുവനന്തപരും ഒന്നാം ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.

ഫേസ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് സുദീപിനെതിരെ കേസെടുത്തിരുന്നത്. ഐ.പി.സി 354 എ, ഐ.ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. സുധീപിനോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനിടയിലാണ് ജാമ്യ ഹരജി നല്‍കാന്‍ ഇദ്ദേഹം കോടതിയില്‍ ഹാജരാകുന്നത്. വിഷയത്തില്‍ മറുപടി നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരിക്കും കോടതിയുടെ തുടര്‍ നടപടികളുണ്ടാകുക.

ജൂലൈ എട്ടിന് ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് മാധ്യമപ്രവര്‍ത്തക ഏഷ്യാനെറ്റ് ന്യൂസിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുദീപ് അശ്ലീല പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിത്വത്തെയും ചാനലിനെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് എന്നാണ് പരാതി.

Content Highlight: S. Sudeep appeared in court In the case of insulting journalist Sindhu Sooryakumar