| Sunday, 12th May 2024, 3:53 pm

എന്റെ മക്കളുടെ കല്യാണം ആവുമ്പോഴേക്കും കൊച്ചി ടസ്ക്കേഴ്സിൽ നിന്നും ആ പണം കിട്ടുമെന്ന് കരുതുന്നു: ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2011 ഇന്ത്യന്‍ പ്രീമിയർ ലീഗ് സീസണില്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് കൊച്ചി ടസ്‌ക്കേഴ്‌സ് കേരള എന്ന ടീം കളിച്ചിരുന്നു. എന്നാല്‍ ഐ.പി.എല്ലിലെ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കൊച്ചി ടസ്‌ക്കേഴ്‌സിന് ഒരു സീസണ്‍ മാത്രമേ ഐ.പി.എല്ലില്‍ കളിക്കാന്‍ സാധിച്ചുള്ളൂ. ഇതിനു പിന്നാലെ കേരളത്തിന്റെ ടീം ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

ഇപ്പോഴിതാ കൊച്ചി ടസ്‌ക്കേഴ്‌സിനെതിരെ ഒരു ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. കൊച്ചി ടസ്‌ക്കേഴ്‌സില്‍ കളിച്ചിരുന്ന ബ്രണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധന, രവീന്ദ്ര ജഡേജ, മുത്തയ്യ മുരളീധരന്‍ എന്നീ താരങ്ങള്‍ക്ക് ഇപ്പോഴും കൊച്ചി ടസ്‌ക്കേഴ്‌സ് പണം നല്‍കാനുണ്ടെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. രണ്‍വീര്‍ പോഡ്കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു മലയാളി താരം.

ബ്രെണ്ടന്‍ മക്കല്ലം, മഹേള ജയവര്‍ദ്ധനെ, രവീന്ദ്ര ജഡേജ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഒരുപിടി മികച്ച താരങ്ങള്‍ കളിച്ചിരുന്ന ടീമായിരുന്നു കൊച്ചി . ഐ.പി.എല്ലില്‍ നിന്ന് കൊച്ചി പുറത്താകുമ്പോള്‍ ബി.സി.സി.ഐ നിങ്ങളുടെ ബാധ്യതകള്‍ എല്ലാം തീര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ താരങ്ങള്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല. എന്റെ മക്കളുടെ കല്യാണം ആവുമ്പോഴേക്കും ഈ പണം ലഭിക്കുമെന്ന് കരുതുന്നു,’ ശ്രീശാന്ത് പറഞ്ഞു.

ഈ വിഷയം കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. ബി.സി.സി.ഐ ഇപ്പോള്‍ പണം നല്‍കിയിരിക്കണം. ദയവായി ഞങ്ങളോടുള്ള എല്ലാ പ്രതിബദ്ധതകളും നിങ്ങള്‍ മാനിക്കണം. കൊച്ചി ടസ്‌ക്കേഴ്‌സ് മൂന്നു വര്‍ഷം ഐ.പി.എല്ലില്‍ കളിക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കൊച്ചി ഐ.പി.എല്ലില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഈ വിഷയം കൂടുതല്‍ ശ്രദ്ധ അറിയിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

2011ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എട്ടാം സ്ഥാനത്തായിരുന്നു കൊച്ചി ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളില്‍ നിന്നും ആറു വിജയവും എട്ടു തോല്‍വിയും അടക്കം 12 പോയിന്റ് ആയിരുന്നു കേരളത്തിന്റെ സ്വന്തം ടീമിന് ഉണ്ടായിരുന്നത്.

കൊച്ചിയോടൊപ്പം തന്നെ ഐ.പി.എല്ലിലേക്ക് കടന്നുവന്ന ടീമായിരുന്നു പൂനെ വാരിയേഴ്‌സ് ഇന്ത്യ. എന്നാല്‍ പൂനെ വാരിയേഴ്‌സ് മൂന്നുവര്‍ഷം ഐ.പി.എല്ലില്‍ കളിച്ചിരുന്നു.

Content Highlight: S. Sreeshanth Talks about Kochi Tuskers Kerala

We use cookies to give you the best possible experience. Learn more