| Saturday, 22nd January 2022, 11:48 am

പിച്ചില്‍ തീപാറിക്കാന്‍ ശ്രീയെത്തുന്നു; ഐ.പി.എല്‍ മെഗാലേലത്തില്‍ ശ്രീശാന്തും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പുതിയ സീസണിന്റെ ആവേശം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളെയും ലഖ്‌നൗ അഹമ്മദാബാദ് ടീമുകള്‍ തങ്ങളുടെ സ്‌ക്വാഡ് തയ്യാറാക്കുന്നതും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

ഏറെ നാളിന് ശേഷം കേരളത്തിന്റെ ശ്രീ ഈ ഐ.പി.എല്ലില്‍ കളിക്കുന്നു എന്ന വാര്‍ത്തയാണ് മലയാളി ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തും എന്നതിനെ സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് താരം ഇക്കാര്യം സ്ഥരീകരിക്കുന്നത്.

50 ലക്ഷമാണ് താരം അടിസ്ഥാന വിലയായി തെരഞ്ഞെടുത്തിരിക്കുന്നത്.

2013ലായിരുന്നു ശ്രീ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി സംശയത്തിന്റെ പേരില്‍ അദ്ദേഹത്തിന് അറസ്റ്റും വിലക്കും നേരിടേണ്ടിവന്നത്.

ഇതോടെ, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ബി.സി.സി.ഐ താരത്തെ വിലക്കിയിരുന്നു. എന്നാല്‍ വിലക്കിനെതിരെ താരം സുപ്രീം കോടതിയില്‍ പോവുകയും വിലക്ക് ഒഴിവാക്കുകയുമായിരുന്നു.

വിലക്ക് മാറിയതിന് ശേഷവും ഒരു മേജര്‍ ടൂര്‍ണമെന്റിലും കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നില്ല. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ മാത്രമായിരുന്നു ശ്രീ കളിച്ചിരുന്നത്.

ഐ.പി.എല്ലില്‍ 44 കളികളില്‍ നിന്ന് 40 വിക്കറ്റാണ് ശ്രീശാന്തിന്റെ സമ്പാദ്യം.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു ശ്രീശാന്ത്. 2007 ഐ.സി.സി ടി-20 ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. ഫൈനലില്‍ മിസ്ബയുടെ ക്യാച്ചെടുത്ത ശ്രീയുടെ ചിത്രം ഒരു ഇന്ത്യക്കാരന്റെയും മനസില്‍ നിന്നും മായാനിടയില്ല.

2011 ലോകകപ്പിലും താരം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു.

2005ലാണ് ശ്രീശാന്ത് ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 169 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്കായി നേടിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് ശ്രീശാന്തിന്റെ മികച്ച പ്രകടനം.

എന്നാല്‍, വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍, ബൗളിംഗ് സെന്‍സേഷന്‍ ജൊഫ്രാ ആര്‍ച്ചര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇത്തവണത്തെ ഐ.പി.എല്ലിന് പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയായിരുന്നു ഗെയ്ല്‍ ബാറ്റ് വീശിയത്. ആര്‍ച്ചര്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും സ്റ്റാര്‍ക്ക് ആര്‍.സി.ബിയുടെയും താരങ്ങളാണ്.

ഇതുവരെ 1214 കളിക്കാരാണ് ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: S Sreesanth to be a part of IPL 2022

We use cookies to give you the best possible experience. Learn more